ഈ സംഭവം എന്‍റെ കോളേജ് ജീവിത പുസ്തകത്തില്‍ നിന്നടര്‍ത്തിയെടുത്ത രസകരമായ ഒരു താള്‍ ആകുന്നു. ഇതിന് അടിത്തറ പാകിയ പ്രധാന ഐറ്റം ഞങ്ങളുടെ അഞ്ചാം സെമെസ്റ്ററില്‍ ഉണ്ടായിരുന്ന ഒരു പേപ്പറും. ‘ഇ.എം.എസ്’ അഥവാ “ഇലക്ട്രിക്കല്‍ മെറ്റീരിയല്‍ സയന്‍സ്” എന്നായിരുന്നു അതിന്റെ പേര്. ആ വിഷയം ഞങ്ങളുടെ തലയില്‍ കുത്തിനിറയ്ക്കാന്‍ എത്തിയ മാഷ് മുതല്‍ തുടങ്ങുന്നു അതിലെ സംഭവവികാസങ്ങള്‍. മാഷിന്‍റെ ചെറിയേ ഒരു ഇന്‍ട്രൊടക്ഷന്‍ ചുവടെ കൊടുക്കുന്നു:
വളരെ സാധാരണക്കാരനും(സിംപ്ലന്‍ എന്നും പറയാം), പാവത്താനും (സെഷണല്‍ മാര്‍ക്ക് അഥവാ ഇന്‍റെര്‍ണല്‍സ് ന്‍റെ കാര്യത്തിലല്ല) പൊതുവേ സൌമ്യനും, ശാന്തശീലനും, ഇതിലെല്ലാം ഉപരിയായി തികഞ്ഞ ഒരു പ്രകൃതിസ്നേഹിയും സഹൃദയനും ആണ് അദ്ദേഹം – ഇതിന് മുന്നത്തെ സെമെസ്റ്ററില്‍ ഇ.വി.എസ്. (എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ് എന്നു തര്‍ജമ) പഠിപ്പിച്ചതും ഇതേ മാഷായത് കൊണ്ട് പകര്‍ന്നു കിട്ടിയ അറിവ്. ഇദ്ദേഹത്തിന് ടെക്നിക്കലായി ക്ലാസ്സ് എടുക്കുന്നതിലൊക്കെ വലിയ താല്പര്യം ഇത് വരെ കണ്ടിട്ടില്ല; പക്ഷേ, പ്രകൃതിസ്നേഹികളും സഹൃദയരും ആയ ഫാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു. അതുകൊണ്ടു തന്നെ ഉയര്‍ന്ന സെഷണല്‍ മാര്‍ക്ക് വേണമെങ്കില്‍ പ്രകൃതിയെ പറ്റിയുള്ള നല്ല ഏതെങ്കിലും കവിത ചൊല്ലി കേള്‍പ്പിച്ചാല്‍ മതി-സംഗതി ക്ലീന്‍!! പിന്നെ, എല്ലാവരും മോട്ടോര്‍ വാഹനങ്ങള്‍ക്ക് പകരം സൈക്കിള്‍ ഉപയോഗിച്ച് പ്രകൃതിയേയും സ്വയം നമ്മളെത്തന്നെയും രക്ഷിക്കണമെന്നുമുള്ള ആശയം ഇടക്കിടെ ഓര്‍മിപ്പിക്കുന്നതും ഒരു ശീലമായിരുന്നു. ആരെയും ഇത് വരെ വഴക്കു പറഞ്ഞു കേട്ടിട്ടില്ല..എന്നാല്‍ അസൈന്‍മെന്‍റ് ഒക്കെ വൈകി സബ്മിറ്റ് ചെയ്തിട്ടു “സാര്‍ എന്‍റെ ഇന്‍റെര്‍ണല്‍സ്…” എന്ന്‍ ചോദിച്ചു ചെന്നേക്കരുത്-പ്രകൃതിസ്നേഹിയുടെ ഹൃദയത്തിനു അപ്പോള്‍ 100% പ്രകൃതിദത്തമായ കരിങ്കല്ലിന്റെ കട്ടിയായിരിക്കും! ![]()
അപ്പോ പറഞ്ഞു വന്നത് ‘ഇ.എം.എസ്’ നെ പറ്റി… ഇപ്പറഞ്ഞ വിഷയത്തില്‍ ഇലക്ട്രിക്കല്‍ സാമാനങ്ങള്‍ പടച്ചു വിടാന്‍ ഉപയോഗിക്കുന്ന ഐറ്റംസിന്റെ സ്വഭാവസവിശേഷതകള്‍(പ്രോപ്പര്‍ട്ടീസ് & ബിഹേവിയര്‍സ്) ആണ് പഠിക്കേണ്ടത്. യൂണിവേഴ്സിറ്റി അതിനെ നാല് മൊഡ്യൂളുകളായി വിശാലമായി തരംതിരിച്ച് ഒരു “റെഡിമേഡ് ഇന്‍സ്റ്റന്‍റ് പാലപ്പം” പരുവത്തില്‍ സിലബസ് എന്ന പേരില്‍ അടിച്ചിറക്കിയിട്ടുമുണ്ട്(പിന്നെ വെറുതെയാണോ ഞങ്ങളുടെ ഈ കഷ്ടപ്പാടൊക്കെ?..)
നമ്മുടെ പ്രകൃതിസ്നേഹി ഈ വിഷയത്തിന്റെ പഠിപ്പീര് തുടങ്ങിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചു: “ഇത് വെറുമൊരു ‘കത്തി’ പേപ്പര്‍ ആകുന്നു… ഭൌതികമണ്ഡലത്തിലെ ചിന്താമുകുളങ്ങളെ കാര്യമായി ബുദ്ധിമുട്ടിക്കേണ്ട ആവശ്യമേയില്ല (ഓ പിന്നേ.. കേട്ടാല്‍ തോന്നും ബാക്കിയുള്ള വിഷയങ്ങളില്‍ അവയെ ബുദ്ധിമുട്ടിച്ച് ഒരു വഴിക്കാക്കാറുണ്ടെന്ന്…ഈ സാറിന്റെ ഓരോരോ തമാശാകള്…”നോ ഡിസ്റ്റര്‍ഭന്‍സ് പോളിസി” അല്ലേ ഞങ്ങള്‍ കാലങ്ങളായി പാലിച്ച് പോരുന്നത്..
). ഒരു ‘ഓവെറോള്‍ ഐഡിയ’യെ (എന്തോന്ന്??) നന്നായി ‘കത്തി’യില്‍ പൊതിഞ്ഞു കുറച്ചധികം പൊടിപ്പും തൊങ്ങലും ചേര്‍ത്തലങ്കരിച്ച് ഉത്തരക്കടലാസില്‍ കയറ്റിയാല്‍ എല്ലാം ശുഭം-നിങ്ങള്‍ യൂണിവേഴ്സിറ്റി ടോപ്പര്‍ ആയിക്കഴിഞ്ഞു!” (എത്ര മനോഹരമായ നടക്കാത്ത സ്വപ്നം! – ഈ ഡയലോഗ് ഇപ്പോ എന്തിനാണെന്ന് ആലോചിക്കുന്നുണ്ടാവും അല്ലേ?? .. വഴിയേ വരുന്നുണ്ട്; തനിയേ മനസിലായിക്കൊള്ളും
).
ഈ പാവനമോഹന വാഗ്ദാനങ്ങള്‍ വിശ്വസിച്ചത് കൊണ്ട് (അല്ലെങ്കിലും ഞങ്ങളങ്ങിനെയാ.. തലച്ചോറിന് വിശ്രമം കൊടുക്കുന്ന ഏത് കാര്യമാണെങ്കിലും ഒടുക്കത്തെ വിശ്വാസമാ!…അല്ലാ പിന്നെ!!) ഞങ്ങളാരും ഈ വിഷയത്തിനു വലിയ വിലയൊന്നും കല്‍പ്പിക്കാന്‍ പോയില്ല. ‘ആസ് പെര്‍ അവര്‍ അണ്ടര്‍സ്റ്റാഡിങ്’, ‘പുലികള്‍ക്ക് പോലും കട്ട് ചെയ്യാവുന്ന ഒരു ക്ലാസ്സ്’. ആയതിനാല്‍ ക്ലാസ്സ് വിരളമായേ നടക്കാറുണ്ടായിരുന്നൊള്ളൂ (പിള്ളേരില്ലാത്ത കൊണ്ട് മാഷിനും സുഖം ക്ലാസ്സ് വേണ്ടന്നു വയ്ക്കുന്നതാരുന്നു). കോളേജിലെ ആല്‍ത്തറയില്‍ പോയിരുന്നു വായനോട്ടം എന്ന കലയെ പരിപോഷിപ്പിക്കുക(നാടന്‍ കലകള്‍ അന്യംനിന്നു പോകാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?), ആരുടെയെങ്കിലും കൂടെ കാപ്പി കുടിക്കാന്‍ പോവുക( പ്രിഫറെന്‍സ് ഫോര്‍ ലേഡീസ് ഒണ്‍ലി), മറ്റു വിഷയങ്ങളുടെ റെക്കോര്‍ഡ്, അസൈന്‍മെന്‍റ് തുടങ്ങിയവ എഴുതുക, അല്ലറ ചില്ലറ എക്സ്ട്രാകരികുലര്‍ പരിപാടിക്കിറങ്ങുക, ഇതിലൊന്നിലും പെട്ടില്ലെങ്കില്‍ ഇന്ത്യാമഹാരാജ്യത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ചും, റോക്കറ്റ് സയന്‍സിന്‍റെ അനന്ത സാധ്യതകളെ കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുക… തുടങ്ങിയ കാര്യപരിപാടികളുമായി ആ ക്ലാസ്സ് അവറുകള്‍ തള്ളി നീക്കി.
ആ ഒരു സെമസ്റ്റര്‍ വളരെ പെട്ടന്നാണ് തീര്‍ന്നത്! പരീക്ഷാതീയതി പ്രഖ്യാപനവും മറ്റ് വെടിക്കെട്ടുകളുമായി സ്റ്റഡീലീവും തുടങ്ങി. നമ്മുടെ വിഷയത്തിനു ഭുജികള്‍ പോലും സ്റ്റഡീലീവിന് സമയം മാറ്റി വെച്ചുകാണില്ല..സിമ്പിള്‍ പേപ്പര്‍ അല്ല്യോ? (നമ്മള്‍ക്കു പിന്നെ വിഷയങ്ങള്‍ക്ക് വേണ്ടി സമയം നീക്കിവയ്ക്കുന്നതും, അഡ്വാന്‍സ് റിവിഷന്‍ നടത്തുന്നതുമൊക്കെ പണ്ടേ അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തപ്പെട്ട സ്വഭാവവിശേഷങ്ങളാകുന്നു.. എന്താണെന്നറിയില്ല, പരീക്ഷയുടെ തലേന്നല്ലാതെ പുസ്തകം തുറക്കുക എന്നത് വളരെ ദുഷ്കരമായ ഒരു പ്രക്രിയ തന്നെയാണ്!!
)..ഈ വിഷയത്തിനാണെങ്കില്‍ പരീക്ഷയുടെ തലേന്ന് പോലും ഒരു സീരിയസ്നെസ്സ്സ് ഇല്ല. ‘ജോളി’ ടീംസ് പടത്തിന് പോകുന്നു..കണ്ട് മതിയാവാത്തവര്‍ പിന്നേം പോകുന്നു.. ഞങ്ങള്‍ ‘ഡീസെന്‍റ്’ പാര്‍ട്ടീസ് ഹോസ്റ്റലില്‍ ഇരുന്നു ‘പ്രോജക്റ്റ് ഐ.ജി.ഐ’ ടെയും, ‘എന്‍.എഫ്.എസ്’ ന്‍റെയുമൊക്കെ പുതിയ ലെവെലുകള്‍ കീഴടക്കി അര്‍മാദിക്കുന്നു.(പെണ്‍പിള്ളേരുടെ ആഘോഷപരിപാടികളെ കുറിച്ച് റിപോര്‍ട്ടൊന്നും ലഭ്യമല്ലാത്ത കൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല).. ആകെക്കൂടി ഒരു ഉത്സവാന്തരീക്ഷം!!!
പിറ്റേന്ന് പരീക്ഷാദിനം!! രാവിലെ തന്നെ ഇടിയിട്ടു നോട്ടീസ്ബോര്‍ഡ് നോക്കി പരീക്ഷാഹാളും സീറ്റ്നമ്പരും ഒക്കെ കണ്ടു പിടിച്ചു അവിടെ പോയി സ്വയം പ്രതിഷ്ടയായി. “കര്‍ത്താവേ! ഉത്തരക്കടലാസില്‍ ‘കത്തി’ കുത്തിനിറയ്ക്കാനുള്ള കത്തി മുഴുവന്‍ യാതൊരു ‘ട്രാന്‍സ്മിഷന്‍ എററും’ കൂടാതെ ഡൌണ്‍ലോഡ് ചെയ്തു തന്നേക്കണേ!!”
ചോദ്യപ്പേപ്പര്‍ അത്യധികം ഉത്സാഹത്തോടെ ഏറ്റുവാങ്ങി. ആദ്യം ചോദ്യങ്ങളൊക്കെ ഒന്ന്‍ ഓടിച്ചു നോക്കണം.. പിന്നെ എഫ് വണ്‍ റേസിന് കാറോടിക്കുന്ന പോലെ (കത്തി)എഴുത്ത്… ആഹഹ!! എല്ലാം സോ ഈസീ ! “പരീക്ഷയായാല്‍ ഇങ്ങനെ വേണം”.
5 മാര്‍ക്ക് സെക്ഷനിലെ ആദ്യത്തെ ചോദ്യം- നോ ഐഡിയ! ഒരു പിടിത്തോം കിട്ടുന്നില്ല!! ഇത് നമ്മളെത്ര കണ്ടിരിക്കുന്നു!!… അടുത്തത് പോരട്ടെ…രണ്ടാമത്തേതും സ്വാഹ! ങ്ഹേ! ഇതെന്താത്?? മൂന്ന്, നാല്, അഞ്ച്… ങേഹെ!! കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളൊക്കെ അതില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നു!
ഇനി ചോദ്യപേപ്പര്‍ മാറിപ്പോയാ?? അതോ അടുത്തിരിക്കുന്ന ‘സിവില്‍’ കാരുടെ പേപ്പര്‍ ഞങ്ങള്‍ക്ക് മാറിക്കിട്ടിയതാണോ?? ചോദ്യപേപ്പറിന്റെ കോഡ് നോക്കിയതോടെ ആ പ്രതീക്ഷയും വെള്ളത്തിലായി! “ഞാന്‍ എന്നും നിന്‍റെ മാത്രം സ്വന്തം” എന്ന സ്റ്റൈലില്‍ അത് എന്നെ നോക്കി ചിരിക്കുന്നു!
15 മാര്‍ക്ക് സെക്ഷനും സെയിം ലൈനില്‍..അവസാനത്തെ ചോദ്യം മാത്രം എന്തെങ്കിലുമൊക്കെ എഴുതാം!! ‘സോളാര്‍ പവര്‍’ ആണ് വിഷയം! കത്തിവെക്കാന്‍ പറ്റിയ ടോപ്പിക്! അപ്പോ മാഷ് പറഞ്ഞ കത്തി ഇതായിരുന്നല്ലേ? ദുഫായിലെ ഫലഭൂയിഷ്ടമായ എണ്ണപ്പാടം സ്വപ്നം കണ്ടു ലാന്‍ഡ് ചെയ്തത് സൊമാലിയന്‍ തീവ്രവാദികളുടെ മുന്നില്‍ ആയിപ്പോയല്ലോ കര്‍ത്താവേ!!! വിധി! ![]()
അപ്പോ 15 മാര്‍ക്ക് ഓക്കെ! .. ബാക്കി 85.. അല്ല സോറി 20 (ഈ സാഹചര്യത്തില്‍ പാസ്സ് മാര്‍ക്കില്‍ കൂടുതല്‍ എന്തു ആഗ്രഹിച്ചാലും അത് അത്യാഗ്രഹമാകുന്നു!).. കര്‍ത്താവിനേം തെറ്റ് പറയാന്‍ പറ്റില്ല.. കത്തി കുത്തിനിറയ്ക്കാന്‍ ഹെല്‍പ്പണം എന്ന് മാത്രമല്ലേ പ്രാര്‍ഥിച്ചൊള്ളൂ!!ഇനിയിപ്പോ എന്തു ചെയ്യും?.. ഏതായാലും ഒരു ലേറ്റ് ആപ്ലിക്കേഷന്‍ കൂടെ അയച്ചു!!
ജീവിതത്തിലെ ആദ്യ സപ്ലി ഈ വിധമാകുമോ വന്നു കേറുക? ആകെ ഒരു പരവേശം!ഹാര്‍ട് 400 മീറ്റര്‍ റേസ് ഓടിക്കഴിഞ്ഞു!!കയ്യൊക്കെ മരവിച്ചിരിക്കുന്നു.. വിറക്കുന്നുമുണ്ട്! ഈ ഹൃദയം തലച്ചോറില്‍ പോയാണോ മിടിക്കുന്നത്? തലയ്ക്കകത്ത് ആകെ ഒരു തരിപ്പ്!! ഇരുന്ന ഇരുപ്പില്‍ മൊത്തം വിയര്‍ത്ത് പോയി!! അഞ്ച് മിനിറ്റ് ആ ഇരിപ്പിരുന്നു കാണും..അതില്‍ പിന്നെ നോര്‍മലായി തുടങ്ങി(ചിലപ്പോള്‍ ഒരു പരിധി വിട്ടു ഹാര്‍ട്ടിനു ഓടാന്‍ പറ്റാത്ത കൊണ്ടായിരിക്കും)..പിന്നെ എന്താണെന്നറിയില്ല ചിരിയാണ് വന്നത്. അടുത്തിരിക്കുന്ന ‘സിവില്‍’ പെണ്‍കുട്ടി “ങ്ഹേ!! എന്താ ഇവനൊരു ഒരു സ്പെല്ലിങ് മിസ്റ്റേക്ക്??” എന്ന ഭാവത്തില്‍ നോക്കുന്നു!
ഞാന്‍ ഹാളില്‍ ഉള്ള ബാക്കിയുള്ള സഹപാഠികളെ നോക്കി!! എല്ലാരും ബ്ലിങ്ങസ്യ ആയി ഇരിക്കുന്നു…ഹാവൂ ഒറ്റക്കല്ല!! പിന്നെ ഞങ്ങള്‍ പരസ്പരം നോക്കി ചിരിയോട് ചിരി! കൂട്ടത്തില്‍ ഒരുത്തന്‍ “ചോദ്യപേപ്പര്‍ മാറിപ്പോയെന്ന് തോന്നുന്നു” എന്ന് ഇന്‍വിജിലറ്ററോട് പറയുന്നത് കേട്ടു. “രക്ഷയില്ല മോനേ.. ഇത് നമ്മളേം കൊണ്ടേ പോവൂ (ആത്മഗദ്ഗദം)..”
അപ്പോഴാണ് നമ്മുടെ ക്ലാസ്സിലെ ഭുജി കം ഭെസ്റ്റ്ഫ്രണ്ട് ദേണ്ടേ എഴുത്തോടെഴുത്ത്.. അമ്മേ!! ഇവന് ഇതും പുല്ലോ!! “ഇതാണ് തല തല എന്ന് പറയുന്നത് (വീണ്ടും ആത്മഗതം)” എന്നാശ്വസിച്ച് ഞാന്‍ ആ ‘സോളാര്‍ പവര്‍’ നെ പൊലിപ്പിച്ച് എഴുത്ത് തുടങ്ങി. 15 എങ്കില്‍ 15!!! കിട്ടുന്ന കിട്ടട്ടെ!.. സാധാരണ 2-2.5 പേജില്‍ ഒതുക്കുന്ന 15 മാര്‍ക്ക് ചോദ്യം ദാ 4 പേജും കഴിഞ്ഞു പറക്കുന്നു!!ഒടുക്കം ഒരു 4.5 ഇല്‍ ഒതുക്കി തലപൊക്കി നോക്കുമ്പോ എന്റെ ഭുജി സുഹൃത്ത് എന്നേം നോക്കി ഇരിക്കുന്നു! ചോദ്യപ്പറിലേക്ക് കൈ കൊണ്ട് “എന്തൊന്നാടെ ഇത്??” എന്ന് ആഗ്യഭാഷ കമ്മുണിക്കേഷനും.. അപ്പോ എല്ലാര്‍ക്കും സെയിം ടു സെയിം!! (അവന്‍റെ നേരത്തെയുള്ള ‘മരണ എഴുത്തി’ന്‍റെ പിന്നിലെ കഥ പിന്നീട് അവനില്‍ നിന്നറിയുകയുണ്ടായി- അവന്‍ പിന്നില്‍ നിന്നാണ് ഉത്തരമെഴുതി തുടങ്ങുക..അപ്പോ അവസാന ചോദ്യം അവന് ആദ്യത്തേതായിരുന്നു… കണ്ട പാടെ എടുത്തിട്ടലക്കി ഒരു 4-5 പേജ്!! അതിനു ശേഷമാണ് ചോദ്യപേപ്പറിന്‍റെ ശരിയായ അവസ്ഥ അവന്‍ അറിഞ്ഞത്).
ശേഷം ആ ഹാളില്‍ കണ്ട സംഭവവികാസങ്ങള്‍ രസകരമാണ്! കുറച്ചുപേര്‍ എന്തു ചെയ്യണം എന്നറിയാതെ തലചൊറിഞ്ഞിരിക്കുന്നു!! കുറച്ചു പേര്‍ ഇരിക്കുന്ന പൊസിഷന്‍ ഒക്കെ മാറ്റി ബുദ്ധിയെ ആവാഹിച്ച് കൊണ്ട് വരാന്‍ പറ്റിയ ഏറ്റവും നല്ല ആംഗിള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു!! വേറെ ചിലര്‍ ‘നിക്കണോ പോണോ’ എന്ന് ഗാഢവും ഗൂഢവുമായി ചിന്തിക്കുന്നു!! പെട്ടന്ന്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് ഒരുത്തന്‍ ഒരു യോദ്ധാവിനെ പോലെ, തികഞ്ഞ ധീരതയോടെ എഴുന്നേറ്റു, ചോദ്യപേപ്പറും ഉത്തരക്കടലാസും കൊണ്ടുപോയി ഇന്‍വിജിലാറ്ററുടെ കരങ്ങളില്‍ സമര്‍പ്പിച്ച് നിരുപാധികം ആയുധം വച്ച് കീഴടങ്ങി!!അവിടന്ന് നേരെ ഹാളിന്‍റെ പുറത്തോട്ടും!! അരമണിക്കൂര്‍ കൂടെ ഇഴഞ്ഞു നീങ്ങി.. ഞാന്‍ ബാക്കി ചോദ്യങ്ങളെ ഏത് പൂഴിക്കടകന്‍ കൊണ്ട് വീഴ്ത്താമെന്നാലോചിച്ച് പേപ്പറിലോട്ട് മുങ്ങാംകുഴിയിട്ടു!!
പെട്ടന്ന് പുറത്തു പതിവില്ലാത്ത കാല്‍പ്പെരുമാറ്റം കേട്ടു നോക്കിയപ്പോ ദാ നമ്മുടെ കീഴടങ്ങിയ ധീരനടക്കം മറ്റ് കുറച്ചു യോദ്ധാക്കള്‍ പുറത്ത്!! അവരവിടെ നിന്നു “എന്തു കാണിക്കാനാ അവിടെ കുത്തിയിരിക്കുന്നേ?? ഇങ്ങോട്ടിറങ്ങി വാടെയ്!” എന്ന് ആംഗ്യ ഭാഷ സംഭാഷണം! പ്രലോഭനങ്ങളുടെ ഓരോരോ രൂപമേ! ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട്, കയ്യാലപ്പുറത്തെ തേങ്ങപോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് ചിന്തിച്ചു ആടിയുലഞ്ഞു കൊണ്ടിരുന്നവര്‍ “വിത്ത് ഫുള്‍ സ്പിരിറ്റ്” രണഭൂമിയിലെ വെട്ടും കുത്തും അടിപിടീം നിര്‍ത്തി അന്തസായി കീഴടങ്ങി(വിത്ത് ക്വസ്റ്റ്യന്‍ പേപ്പര്‍ & ആന്‍സര്‍ പേപ്പര്‍) ഞാന്‍ എന്‍റെ പൂഴിക്കടകനുമായി വീണ്ടും മുങ്ങാംകുഴിയിട്ടു. ഹാളില്‍ ബാക്കിയുള്ളവരും അവരവരുടെതായ യുദ്ധമുറകളില്‍ അങ്കം തുടര്‍ന്നു!
പിന്നെ ഒരു മാരത്തണ്‍ പ്രകടനമായിരുന്നു! 9-10 സ്റ്റാന്‍ഡേര്‍ഡിലെ സ്റ്റാറ്റിക്സ്, മെക്കാനിക്സ്, 11-12 സ്റ്റാന്‍ഡേര്‍ഡിലെ കെമിസ്ട്രി, ഫസ്റ്റ് ഇയറിലെ ഫിസിക്സ്, പിന്നെ പണ്ടെപ്പോഴോ പഠിച്ച മാത്ത്സിലെ പ്രൊബ്ലെംസും എല്ലാം കൂട്ടി കുഴച്ച് “ഇനിയൊന്നും നോക്കാനില്ല” എന്ന ഭാവത്തില്‍ ചോദ്യചക്രവ്യൂഹത്തെ തലങ്ങും വിലങ്ങും ആക്രമിച്ചു!! അല്ല.. ഇനിയെന്ത് നോക്കാന്‍? എന്തായാലും പൊട്ടും.. അപ്പോ പിന്നെ പൊരുതി മരിക്കാം എന്ന് വച്ചു (ഇല്ലെങ്കില്‍ തൊട്ടപ്പുറത്തിരിക്കുന്ന സിവില്‍ സുന്ദരീടെ മുന്പില്‍ എന്‍റെ ഇമേജ് എന്താവും?? “ഈ കഴുതയ്ക്ക് ഒന്നുമറിയില്ല” എന്ന് അവള്‍ വിചാരിക്കില്ലെ??)..ദാറ്റ്സ് ഓള്‍ !! ഓരോരുത്തരായി ഹാള്‍ വിട്ടു തുടങ്ങി. അവസാനം ക്ലാസ്സില്‍ നിന്നുള്ള അവസാന കണ്ണിയായി ഞാനും യുദ്ധക്കളം വിട്ടു! ![]()
ഇതെല്ലാം കഴിഞ്ഞ സ്ഥിതിക്ക് നമ്മുടെ മാഷിനെ കാണാമെന്ന് വച്ചു! ചോദ്യപേപ്പര്‍ കണ്ട് ബ്ലിങ്ങസ്യ അടിച്ചിരിക്കുന്ന പ്രകൃതിസ്നേഹിയെ കണ്ടപ്പോള്‍ സത്യത്തില്‍ സഹതാപമാണ് തോന്നിയത്!. പാവം!! പരസ്പരം സമാധാനിപ്പിച്ച് യൂണിവേഴ്സിറ്റിയെ ആവശ്യത്തിന് ചീത്തയും വിളിച്ചു കോളേജിലെ അന്നത്തെ ദിവസത്തോട് വിടചൊല്ലി-നിശ്ചയമായ ഒരു സപ്ലിയെ മുന്നില്‍ കണ്ടുകൊണ്ട്!! കര്‍ത്താവേ!! എല്ലാം ഇനി നിന്‍റെ കയ്യില്‍!!!
വാല്‍ക്കഷ്ണം: പരീക്ഷയുടെ റിസള്‍ട്ട് വന്നു! എന്‍റെ ലേറ്റ് ആപ്ലിക്കേഷന്‍ കര്‍ത്താവ് സ്വീകരിച്ചു കാണണം.. എനിക്കു 74 മാര്‍ക്ക്!!പഠിച്ചെഴുതിയ പരീക്ഷക്ക് പോലും കിട്ടാറില്ല അത്രേം!! അത് കണ്ടു കൂടെയുള്ളവരുടെ വായിലിരിക്കുന്ന ‘പ്രശംസ’ ആവശ്യത്തിന് കേട്ടെങ്കിലും (അവരുടേം എന്‍റേം മാര്‍ക്കിന് മോശമില്ലാത്ത ഗ്യാപ്പ് ഉണ്ടായിരുന്നേ) കൈകാര്യം ചെയ്തു ഷേപ്പ് മാറ്റിയില്ല-അതിനു അകമഴിഞ്ഞ നന്ദി! തല്ല് കൊണ്ട് ചാവേണ്ട എന്ന് കരുതിക്കാണും(അവരല്ല..ഈ ഞാന്‍- നല്ല ഗംഫീരന്‍ ബോഡി ആണല്ലോ എന്‍റെ.. ആ അടിക്ക് എങ്ങാനും തട്ടിപ്പോയാലോ). അതില്‍ പിന്നെ ഒരു പരീക്ഷയ്ക്കും ‘കത്തി’യില്‍ വിശ്വാസമര്‍പ്പിച്ചു ഞാന്‍ പോയിട്ടില്ല.

NikPicz
Pandengo kettu maranna oru pareeksha kadha…
Pareeksha ennathu kathi vekkunnnathinulla praveenyam theliyikkanulla avasaramayi University karuthiyal pinne paavam vidyarthikal enthu cheyyum??? Pinne “ee Syllabus ennu parayunnathu Neendu kidakkunna oru mahasamudramanallo… Athinte karayilirunnu athinte saundaryam nokkikkanunna verumoru kaazhchakkarananu njan….”
A ‘nalla’ pareeksha divasangal ini ennu thirichu varumo entho???
മത്തായിച്ചോ….ഒരു രക്ഷയില്ലല്ലോ!! കത്തി കൊണ്ട് മാത്രം കയറി പോന്ന എത്രയെത്ര പരീക്ഷകള്‍!!
നന്നായി റോയിച്ചാ!!
ആ പഴയ ക്യാംപസ് ദിനങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.. കൊള്ളാം
ഹഹ… എന്തു പ്രശ്നം ഉണ്ടായാലും യൂണിവേഴ്സിറ്റിയെ പഴിച്ചിരുന്ന കാലം അല്ലേ!!
കൊള്ളാം! അങ്ങനെ അടുത്ത കഥയും പുറത്തിറങ്ങി; നന്നായിട്ടുണ്ട്. റോയിച്ചന്‍റെ ഉള്ളിലെ കലാബോധം ഓരോന്നായി പുറത്തു വരട്ടെ.
എന്താണ് അടുത്തത് എഴുത്തുപകലയില്‍?
തീരുമാനിച്ചിട്ടില്ല പുതിയ ‘ത്രെഡ്’ കിട്ടുന്ന പോലെ!
Really good…..keep going – all the best
നന്ദി ഹരീഷ് സര്!!