കുറെ കാലത്തിനു ശേഷം ദാ  ഞാന്‍ പിന്നെയും ഒന്നു എഴുതി നോക്കാമെന്നു കരുതി. പതിവു തെറ്റിക്കുന്നില്ല, ഇത്തവണയും അനുഭവത്തില്‍ നിന്നു തന്നെ. ജീവിതത്തില്‍ പിന്നീട് കോമെഡി ആയി മാറുന്ന പല സംഭവങ്ങളും അപ്രതീക്ഷിതമായി വന്നു പെടുന്ന അത്യാഹിതങ്ങളായിരിക്കും. ഇതും അതേ കാറ്റഗറിയിൽ പെടും.. സംഭവം നടക്കുന്നത് എന്റെ എഞ്ചിനീയറിംഗ് പഠന കാലത്തെ ഹോസ്റ്റൽ ജിവിതത്തിൽ ആയിരുന്നു.  ഏതൊരു വിദ്യാർത്ഥിയുടേയും കോളേജ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മെൻസ് ഹോസ്റ്റൽ ആയിരുന്നു സംഭവ സ്ഥലം..

ആകെ ഒരു സെമെസ്റ്റെർ മാത്രമേ ഞാൻ അവിടെ നിന്ന് പഠിച്ചിട്ടുള്ളൂ  (ബാക്കിയുള്ള സമയത്തൊക്കെ പുറത്തുള്ള ഒരു പ്രൈവറ്റ് ഹോസ്റ്റലിൽ ആയിരുന്നു).. ഈ തുച്ഛ സമയത്തിനുള്ളിൽ ഇങ്ങനെ ഒരു കഥയ്ക്കുള്ള വകുപ്പ് ഒപ്പിച്ചെടുത്തു..

3rd സെമെസ്റ്റെറിലെ ഏതോ ഒരു വൈകുന്നേരം. ഹൊസ്റ്റെലിലെ ലൈബ്രറി റൂമിൽ ആയിരുന്നു ഞാൻ. ലൈബ്രറി റൂം എന്നാൽ നിങ്ങൾ വിചാരിക്കുന്നത് പോലെ വൻ സെറ്റപ്പ് പുസ്തകമുറി ഒന്നുമല്ല.. രണ്ടാം നിലയിൽ (ഇംഗ്ലീഷിൽ പറഞ്ഞാൽ 1st ഫ്ലോർ) മറ്റെല്ലാ മുറിയും  പോലെ ഒന്ന്…മൂന്നു അന്തേവാസികളും ഉണ്ട് .. പിന്നെ മെൻസ് ഹൊസ്റ്റെലിനു മാത്രമായി വരത്തുന്ന മാഗസീനുകൾ അവിടെയാണ് വെക്കുന്നതെന്ന് മാത്രം..  പിള്ളേരെല്ലാവരും ആവശ്യം പോലെ അവിടെ വന്നിരുന്ന് വായിച്ച് പോകും.. അത്ര മാത്രം. പഴയ മാഗസീനുകൾ ‘ബുക്കിംഗ്’ അനുസരിച്ച് സ്വന്തം മുറിയിൽ കൊണ്ട് പോയി വായിക്കാനുള്ള സ്കീം വേറെ ഉണ്ട്…ഇവിടെ പ്രസക്തി ഇല്ലാത്ത കൊണ്ട് കൂടുതൽ വിവരിക്കുന്നില്ല…

ഞാൻ ആ മുറിയിൽ ഇരുന്നു ‘ഓട്ടോകാർ’ മറിച്ച് നോക്കുന്നു.. അപ്പുറത്തായി ഇരുന്നു 1-2 കൂട്ടുകാർ മറ്റ് മാഗസീനുകൾ  വായിക്കുന്നുണ്ട്..  വായിക്കാൻ ഇരുന്നിരുന്ന കട്ടിലിന്റെ അടുത്തായിട്ടായിരുന്നു മുറിയുടെ ഒരു ജനൽ. ജനലിനോട്‌ പുറം തിരിഞ്ഞാണ് എന്റെ ഇരുപ്പ്.. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കത്തിവെക്കുന്നുമുണ്ട്… എല്ലാം കൊണ്ടും ഒരു അത്യാഹിതത്തിനും വകയില്ലാത്ത അന്തരീക്ഷം (നോട്ട് ദ പോയിന്റ്‌)… ഇത് പിന്നീടൊരു രക്തക്ക(ക്കു)ളം ആകുമെന്ന് ആരെങ്കിലും അറിഞ്ഞോ???

പെട്ടന്ന് എന്തോ പറയാൻ വേണ്ടി തല തിരിച്ചത് ഓർമ്മയുണ്ട്..
 
ഫ്ധും!!!..ക്ലിം!!! ഫിശ്ശ്ഷ്!!! … ഹെന്റമ്മോ….!!!!

തലക്കകത്തൊരു മിന്നൽ..ക്യാമറ കണ്ണിന്റെ അടുത്ത് വെച്ച് ഹെവി ഫ്ലാഷ് അടിച്ച പോലെ…  ഇതിനെയാണോ കണ്ണീന്ന് പൊന്നീച്ച പറക്കുക എന്ന് പറയുന്നത്??  സംഭവിച്ചതെന്താണെന്ന് തപ്പി പിടിച്ചു വരും മുമ്പേ തുറന്നിട്ട ടാപ്പിൽ നിന്നെന്ന പോലെ മൂക്കിൽ നിന്ന് ഒരു ചുവന്ന ഉറവ നോൻസ്റ്റോപ് പ്രവഹിക്കുന്നു.. ഉടുത്തിരുന്ന മുണ്ടിൽ ഒരു ചെറിയ ചോര തടാകം ഫോർമേഷൻ ആയിട്ടുണ്ട്..

നോസ്പൈപ്പ് അടക്കാൻ വേറെ മാർഗമൊന്നും കാണാഞ്ഞത്  കൊണ്ട് ചക്ക വെട്ടിയിട്ട പോലെ നേരെ മലർന്നു കിടപ്പായി. കിടപ്പിന്റെ ഗുണം കൊണ്ടോ എന്തോ പൈപ്പ് അടഞ്ഞു കിട്ടി.. അപ്പോഴാണ്‌ പതുക്കെ കാര്യങ്ങൾ പിടി കിട്ടി തുടങ്ങിയത്..

ലൈവ് ടെലെകാസ്റ്റ് ആയി നടന്ന ആ ഷോ ഹൈലൈറ്റ്സ് ആയി ചുവടെ:

താഴെ ക്രിക്കറ്റ്‌ കളിച്ചോണ്ടിരുന്ന അന്തേവാസികളിൽ ഒരുത്തൻ ‘നിരുപദ്രവകാരിയായ’ ഒരു സിക്സ് അടിച്ചതാണ് സംഭവം.. ബോൾ ജനലിന്റെ ഗ്രില്ലിൽ പോലും തട്ടാതെ കൃത്യം എന്റെ മൂക്കിലാണ് ലാൻഡ്‌ ചെയ്തത്… (ഉന്നം വെച്ചെറിഞ്ഞാൽ പോലും ഗ്രില്ലിൽ കൊള്ളാതെ ബോൾ പോവാറില്ല…പിന്നെ ഈ മിസൈൽ എങ്ങനെയാണ് വന്നു പതിച്ചതെന്നത് ഇന്നും ഒരു മിസ്റ്റെറി ആയി തുടരുന്നു..)

നമ്മുടെ ‘നല്ല’ സമയം!!  അല്ലാതെന്ത് പറയാൻ..

ജനലിനോട്‌ പുറം തിരിഞ്ഞിരുന്ന എന്റെ മൂക്കിൽ എങ്ങനെ ബോൾ കൊള്ളും എന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാവും അല്ലെ… അതാണ്‌ ‘സമയദോഷത്തിന്റെ ടൈമിംഗ്’ എന്ന് അറിയപ്പെടുന്ന ഫിനൊമിനോണ്‍..  ഞാൻ ‘എന്തോ പറയാൻ വേണ്ടി’ തല  തിരിച്ചില്ലേ, അതെ സെക്കൻഡിൽ ആണ് ആ ബോൾ റോക്കറ്റ് എഞ്ചിൻ പിടിപ്പിച്ച് ആ മുറിയിലോട്ട് ക്രാഷ് ലാൻഡ്‌ ആയത്.. ലാൻഡിങ്ങ് പാഡ് എന്റെ മൂക്ക് ആയിപ്പോയി എന്ന് മാത്രം.. വരാനുള്ളത് വഴിയിൽ തങ്ങാറില്ലല്ലോ…. തങ്ങിയില്ല… കൃത്യം മൂക്കിൽ വന്നിരുന്നു..

തലയിൽ കാര്യങ്ങൾ വീണ്ടും റിലേ പിടിച്ചു വരുമ്പോഴാണ് ഹോസ്റ്റൽമേറ്റ്സ് എല്ലാരും ചോര കഴുകാൻ കൊണ്ട് പോയത് (ഇപ്പൊ വേണോ?? റിലെ പിടിച്ചു വരുന്നേയൊള്ളു.. എന്റെ കൊണ്‍സെന്റ്രേഷൻ പോണൂന്ന്).. എന്നെ പൊക്കിയെടുത്ത് താങ്ങിപ്പിടിച്ച് പൈപ്പിന്റെ അടുത്ത് കൊണ്ട് പോവാനാരുന്നു പ്ലാൻ..പക്ഷെ ഞാൻ നടന്നോളാമെന്നു പറഞ്ഞു ഉടമ്പടി ഒപ്പിട്ട് എല്ലാവരുടേം അകമ്പടിയോടെ പൈപ്പിഞ്ചോട്ടിലെക്ക് (മൂന്നു വശത്ത് നിന്നും കൈത്താങ്ങ്‌ ഉൾപ്പടെ) വിട്ടു.. പിന്നെ റൂമിൽ പോയി കിടന്ന് ഉറക്കം പിടിച്ചു..

കണ്ണ്‍ തുറന്നത് സന്ധ്യക്കാണ്‌ .. മെസ്സിലെ ഡിന്നർ ടൈം.. മൂക്കിലാകെ ചോര കട്ടപിടിച്ച് വല്ലാത്ത ഇറിട്ടേഷൻ..അപ്പോഴാണ്‌ ആ ദുഃഖസത്യം ഞാൻ മനസിലാക്കിയത്.. എന്റെ വായ തുറക്കാൻ പറ്റുന്നില്ല.. എത്ര ശ്രമിച്ചാലും ആകെ തുറയുന്നത് മാക്സിമം അര സെന്റിമീറ്റർ.. നല്ല വേദനേം.. നേരെ ചൊവ്വേ മിണ്ടാൻ പോലും പറ്റുന്നില്ല.. ഈ ഇംഗ്ലീഷ് സിനിമകളിലെ കൊള്ളസംഘത്തലവന്മാർ  വായ അനക്കാതെ സംസാരിക്കാറില്ലേ… അതേ സ്റ്റൈൽ!!!

അന്നത്തെ VIP ആയി മാറിയ എനിക്ക് മെസ്സിൽ സീറ്റ്‌ ബുക്ക്‌ ചെയ്ത് സുഹൃത്തുക്കൾ ക്ഷണിക്കാൻ വന്നു. അന്ന് സ്പെഷ്യൽ മെസ്സ് ആണത്രേ.. വായ തുറയാത്തപ്പോഴാണ് ചിക്കൻ കടിച്ച് പറിക്കുന്നത്.. വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുന്നുണ്ടാരുന്നെങ്കിലും അതെല്ലാം ഞാൻ തന്നെ കടിച്ചിറക്കി.. അവര് കൊണ്ടു തന്ന ജ്യൂസ്‌ ഇൽ ഒതുക്കി ഡിന്നർ..

 പിറ്റേന്ന് എഴുന്നേൽക്കുമ്പൊഴാണ്‌ ഞാൻ ആ കോമെഡി തിരിച്ചറിഞ്ഞത്.. എണ്ണ കോരിയൊഴിച്ച പോലെ വഴുവഴാ എന്നിരിക്കുന്നു മൂക്ക്..സർക്കസ് കോമാളികളുടെ മൂക്ക് പോലെ നീരുവെച്ച് ഉണ്ടച്ചിട്ടുണ്ട്.. ചെറുതായിട്ടൊരു നീലപ്പും.. കണ്ടാൽ ചിരി വീഴാൻ വേറെ ഒന്നും വേണ്ട.. മാനം കപ്പല് കേറുമെന്നുറപ്പ്… 😦

പതുക്കെ കെട്ടിയൊരുങ്ങി ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാൻ ആർത്തിയോടെ മെസ്സിൽ ചെന്നെങ്കിലും വായ പഴയ ‘ഡു നോട്ട് ഓപ്പണ്‍’ സ്ഥിതി പുരോഗമിക്കാത്ത കൊണ്ട് പിന്നേം കുറെ കപ്പലോടിച്ച് ക്ലാസ്സിലോട്ട് വെച്ച് പിടിച്ചു.

അന്നാണെങ്കിൽ ആദ്യ മൂന്നു പിരീഡ് ലാബ്‌ ആയിരുന്നു.. സർവേ ആരുന്നോ മെക്കാനിക്കൽ ആരുന്നോ എന്ന് ഓർമ്മ പോര… ഏതോ ഒരു ലാബ്‌.. ഞാൻ എത്തുന്നതിനു മുൻപേ ഏതോ ഒരു കാലമാടൻ ക്ലാസ്സിലെ കുറച്ച് പിള്ളേരോട് എന്റെ റീ എൻജിനീയർഡ് മൂക്കിനെ പറ്റി കൊളുത്തി കൊടുത്ത കാരണം അവരൊക്കെ എന്നെ കാത്തു നിൽക്കുകയാരുന്നു… അങ്ങനെ ഒരു ഉപകാരം കൊണ്ട് ഒരുപാട് പൊട്ടിചിരികളുടെ നടുവിലേക്കാണ് അന്ന് കാലെടുത്ത് വെച്ചത്… അനാരോഗ്യം + മാനഹാനി+ ധനനഷ്ടം(ഇത് വഴിയെ വരുന്നുണ്ട്) – പൂർത്തിയായി…ഒരു ദിവസത്തിന് വേണ്ട എല്ലാമായി!!

പിന്നെ അവർക്കെല്ലാം ഡീട്ടെയിൽ ഹൈലൈറ്റ്സ് കേൾക്കണം (എസ്പെഷ്യല്ലി ലേഡീസ് നു).. അവരുടെ ഒരു ശുഷ്കാന്തി കണ്ടാൽ പത്രപ്രവർത്തകര് വരെ മാറി നിൽക്കും..അതും വായ തുറക്കാൻ പറ്റാത്ത എന്റെ വായീന്ന് തന്നെ കേൾക്കണം.. ഈ ഭൂകമ്പത്തിലൊക്കെ പരിക്ക് പറ്റിയവരോട് “അത് വീണപ്പോൾ എന്ത് തോന്നി??” എന്നൊക്കെ ടിവിയിൽ ജേർണലിസ്റ്റ്കൾ ചോദിക്കുന്നത് കേട്ടിട്ടില്ലേ? അതുപോലെ…

ഇതിനിടെ എന്നെ ഈ കോലത്തിൽ കണ്ടിട്ട് ദുഃഖം സഹിക്കാൻ പറ്റാഞ്ഞിട്ടായിരിക്കണം (ങ്ഹേ !!!കുറച്ച് ഓവറാക്കി!!!) നമ്മുടെ കുറച്ച്  ടീംസ്  “വേഗം ഡോക്ടറുടെ അടുത്ത് പോ.. വീട്ടിൽ പോ..”  എന്നൊക്കെ ഉപദേശിച്ചു തുടങ്ങി… ഒടുക്കത്തെ സിമ്പതി..ശ്ശോ.. എനിക്ക് വയ്യ!! 

ഇത്രേം സ്നേഹത്തോടെ പറയുമ്പോൾ കേൾക്കാതിരുന്നാൽ തോന്ന്യാസം അല്ലെ? എന്നാൽ പിന്നെ വീട്ടിലോട്ടു വിടാമെന്ന് കരുതി റെയിൽവേ സ്റ്റേഷൻ ലോട്ട് വെച്ച് പിടിച്ചു.. ഷോർണൂർ നിന്നും പരശു (പരശുരാം എക്സ്പ്രസ്സ്‌) പിടിക്കനായിരുന്നു പ്ലാൻ..ഞാൻ ഷോർണൂർ ഇറങ്ങിയപ്പോഴേക്കും പരശു അവിടം വിട്ടു പോവാൻ കൂക്കിവിളി തുടങ്ങിയിരുന്നു..പ്ലാറ്റ്ഫോർമ് എല്ലാം ചാടിക്കടന്നു ഓടി ട്രെയിൻ പിടിക്കാൻ.. ഇത് പോലെ ‘പണി കിട്ടിയ’ മൂക്കും വെച്ച് ആരും ഇത് വരെ ഓടിക്കാണില്ല ഒന്നിന്റേം പുറകെ.. പരശു ആരാ മോൻ? പിടിതരാതെ അവൻ അതിന്റെ പാട്ടിനു പോയി.. ജസ്റ്റ്‌ മിസ്സ്‌ .. പിന്നെ അവിടെ കുത്തിപ്പിടിച്ച് നിന്ന് വേണാട് നു കേറി കൂടുതൽ പ്രശ്നമൊന്നുമില്ലാതെ വീടെത്തിപ്പെട്ടു.

ഇതിനിടെ ട്രെയിനിലെ യാത്രക്കാർ വിചിത്രജീവിയെ എന്ന പോലെ എന്നെ നോക്കിയത് തികച്ചും യാദൃശ്ചികം മാത്രം!!

വീട്ടിലെത്തിയപ്പോൾ എന്റെ ഊഹം തെറ്റിയില്ല .. അത്യാവശ്യം ദേഷ്യത്തിൽ അമ്മ മുന്നില് നിൽക്കുന്നുണ്ടായിരുന്നു (പറഞ്ഞിട്ട് കാര്യമില്ല..സ്വപുത്രൻ ഇത് പോലെ കോമാളി മോന്ത വെച്ച് വീട്ടിൽ ചെന്ന് കേറിയാൽ വേറെ എന്ത് ഭാവം കാണാൻ?).. സംഭവിച്ചതെല്ലാം തലേന്ന് വിളിച്ചപ്പോൾ തന്നെ വിവരിച്ചത് കൊണ്ടു പുന:സംപ്രേഷണം വേണ്ടി വന്നില്ല.. എങ്കിലും എന്റെ നിരപരാധിത്വം (അതായത് ഞാൻ കളിയ്ക്കാൻ പോയി അടി മേടിച്ചോണ്ട് വന്നതല്ല …വിളിക്കാതെ തന്നെ എന്റെ മെക്കിട്ടു കേറിയിരുന്നതാണ് എന്ന സത്യം) ഒരിക്കൽ കൂടെ വിവരിച്ച് ഒരു മൂലയിൽ ഇരിപ്പായി..

ശരിക്കൊന്നു ഇരിപ്പുറച്ചില്ല.. അപ്പോഴേക്കും ദാ എത്തി അമ്മേടെ വിളി… “ഡാ ഡോക്ടർ ടെ അടുത്ത് പോവാം”..  പിന്നെ ഒരു ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക്… റിസെപ്ഷനിൽ സംഭവം പറഞ്ഞപ്പോൾ ഏതോ ഒരു ഡോക്ടറുടെ അടുത്തേക്ക് ഉന്തിതള്ളി വിട്ടു (‘ഓർത്തോ’ ഇല്ല ലീവ് ആണത്രേ!).. എന്തോ വായിൽ കൊള്ളാത്ത ഇംഗ്ലീഷ് വാക്കായിരുന്നു ഇയാളുടെ ഡെസിഗ്നേഷൻ…വല്ല കൊമ്പത്തെ പഠിപ്പുള്ള ആളായിരിക്കും എന്ന് കരുതി ഞങ്ങൾ വലതു കാൽ വെച്ച് അകത്തോട്ട്‌ വലിഞ്ഞു കയറി.. അയാൾ ഒന്ന് നോക്കിയിട്ട്

“മുൻപ് മൂക്ക് എങ്ങനെയാരുന്നു?? ഫോട്ടോ വല്ലതുമുണ്ടോ?? …” തുടങ്ങിയ ചോദ്യങ്ങൾ..

ഇതെന്താ വല്ല കല്യാണാലോചനക്കു ചെന്നതാണോ? ഫോട്ടോ ഒക്കെ കൊടുക്കാൻ.. പിന്നെ പേഴ്സിൽ  ഉണ്ടായിരുന്ന ഒരു ഫോട്ടോ പൊക്കി കാണിച്ചു.. കുറച്ച് നേരം അതിൽ നോക്കി ആലോചിച്ചിട്ട് ആ മഹാൻ മൊഴിഞ്ഞു
“ഇത് നിസാരം.. ഒരു പ്ലാസ്റ്റിക്‌ / കോസ്മെടിക് സർജറി ചെയ്‌താൽ മതി…”
എന്തോ????!!!!! അപ്പൊ ഇങ്ങനെയാണല്ലേ നിങ്ങൾ ആളെ പിടിക്കുന്നെ.. ചുമ്മാ ഇടി കിട്ടിയ മൂക്കിനു പ്ലാസ്റ്റിക്‌ സർജറി ചെയ്ത് മുഖച്ഛായ തന്നെ മാറ്റി കളയാമെന്ന്… ഇച്ചിരി പുളിക്കും !!! (ഫുൾ ആത്മഗതം)..
അല്ല… ഇതാണ് സ്ഥിതിയെങ്കിൽ  ഈ ബോക്സിങ്ങ് കളിക്കുന്നവർക്കൊക്കെ എന്നും പ്ലാസ്റ്റിക്‌ സർജറി ആയിരിക്കുമല്ലോ… … ശ്ശോ!!!
അങ്ങനെ എന്റെ മുഖത്ത് ഇയാള് ഓപറേഷൻ ചെയ്ത് പഠിക്കേണ്ട…ഇത് എനിക്ക് ഇനീം വേണ്ടതാ..

സ്വബോധം വീണ്ടുകിട്ടിയ ഞാൻ “സർജറി ഒക്കെ പിന്നെ ആലോചിക്കാം..നീരൊക്കെ ഒന്ന് വറ്റട്ടെ ആദ്യം… പിന്നെ വന്നു കണ്ടോളാം” എന്ന് വെച്ചു കാച്ചി .. (പിന്നേ.. ഇനി അയാളെ കാണാൻ പോവും..അതങ്ങ് പള്ളീൽ പോയി പറഞ്ഞാ മതി..)

അമ്മയുടെ മുഖത്താകെ ഒരു വിഷമം.. മോന്റെ ഗ്ലാമറായ മുഖത്തിന്റെ (വീണ്ടും ഓവറാക്കി) കാര്യം പോക്കായല്ലോ എന്നോർത്ത്… എഴുതി കിട്ടിയ പെയ്ൻകില്ലെർസ് ഉം മേടിച്ച് വീട്ടിലോട്ട് തിരിച്ചു.. ഇനി ഏതെങ്കിലും നല്ല ‘വിവരമുള്ള’  ENT യെ കാണാമെന്നു വെച്ചു..

വൈകീട്ട് അച്ഛന്റെ കൂടെ പരിചയമുള്ള ഒരു ENT യെ വീട്ടിൽ ചെന്നു കണ്ടു. അങ്ങേരു മൂക്കിൽ പിടിച്ച് അവിടേം ഇവിടേം ഒക്കെ ഞെക്കി നോക്കുന്നു… “അല്ല.. ഇത് ഇടി കൊണ്ട് ഷേപ്പ് മാറി ഇരിക്കുന്ന ‘എന്റെ’ മൂക്കാണ്… ഡോക്ടറുടെയല്ല….ഇങ്ങനെ പിടിച്ചു ഞെക്കി കളിക്കുമ്പോൾ പ്രാണൻ പോകുന്നത് എന്റെയാണ്…” (ആത്മഗതം)..മുഖത്തെ ദയനീയ ഭാവം കൊണ്ട് “ഞെക്കല്ലേ പ്ലീസ്..” എന്ന ആംഗ്യ സന്ദേശം ഡോക്ടർക്ക്‌ അയച്ചുകൊണ്ടിരുന്നു.. അതേറ്റു!!! അങ്ങേരു പിടിവിട്ടു.. ആപ്പിലായ കുരങ്ങന്റെ വാല് അതിൽ നിന്നും ഊരിയെടുക്കുമ്പോഴുള്ള ആ ഒരാശ്വാസമില്ലേ.. അതാണ്‌ അപ്പൊ എനിക്കവിടെ ഉണ്ടായത്…

“ഈ മൂക്ക് ഒടിഞ്ഞിരിക്കുകയാണ്… ഈ എല്ലൊക്കെ വളരെ സോഫ്റ്റ്‌ ആണെന്നറിയാമല്ലോ.. “-ഡോക്ടർ

കർത്താവേ!!! കൈ വിട്ട് പോയാ??ഒരു ബോൾ വിചാരിച്ചിട്ട്  എന്റെ സുന്ദരൻ മൂക്ക് തകർത്തെന്നോ??? ..

 അപ്പോൾ അച്ഛൻ മറ്റേ പഴയ ഡോക്ടറുടെ ആ സർജറി സ്റ്റോറി അവിടെ പ്രകാശനം ചെയ്തു…

“സർജറി ഒനും വേണ്ട.. നമുക്കിത് ‘പിടിച്ചിട്ട്’ നേരെയാക്കാവുന്നതെ ഒള്ളു..” – വീണ്ടും ഡോക്ടർ.

അമ്മേ!!! പിന്നേം പിടിക്കാന്നോ?? അപ്പൊ ഇത് വരെ പിടിച്ചതൊന്നും..പോരെ ഇയാൾക്ക്??

ഇത്തവണത്തെ ദയനീയ ലുക്ക്‌ മെസ്സേജ് ഒന്നും ഏൽക്കുന്നില്ല… പിടിച്ചു നേരെയാക്കാനുള്ള ഫുൾ സെറ്റപ്പിൽ ആണ് ആള്.. മൂക്ക് നേരെയാക്കേണ്ടത് ആവശ്യമായതിനാൽ അച്ഛനും ഫുൾ സപ്പോർട്ട്..  പിന്നെ ഡോക്ടറുടെ പിടിത്തം ഒരു ഒന്നൊന്നര പിടിത്തമായിരുന്നു.. സ്വർഗം, നരകം തുടങ്ങിയ 3-4 ലോകങ്ങൾ ഒരേ സമയം കണ്ണിലൂടെ കറങ്ങി ചുമ്മാ കടന്നുപോയി.. ഈ സ്മോൾ വേൾഡ് ടൂറിൽ കുറെ നക്ഷത്രങ്ങളും മിന്നി മറയുന്നുണ്ടാരുന്നു.. തലക്കകത്താനെങ്കിൽ ഫുൾ മിന്നലും…

“എന്നെ വിടെടാ കശ്മലാ …” എന്ന ഭാവത്തിൽ അങ്ങേരെ പലവട്ടം നോക്കിയിട്ടും നോ രക്ഷ!!… ബോൾ അടിച്ചു കൊണ്ടപ്പോൾ പോലും ഒരു മിന്നലേ പാഞ്ഞൊള്ളു.. ഇതിപ്പോ അതിന്റെ ഒരു ഹോൾസെയിൽ സൂപ്പർ മാർക്കറ്റ്‌ തന്നെ ഇറങ്ങിയിട്ടുണ്ട്..

കുറച്ചു നേരത്തെ അക്രമം കൂടെ കഴിഞ്ഞ് അങ്ങേരു പതുക്കെ ‘പിടി’ വിട്ടു .. ഞാൻ നിശ്വാസവും… അപ്പൊ ദേ വരുന്നു അടുത്തത്.. കുറെ പ്ലാസ്റ്റർ ടേപ്പ് എടുത്ത് മൂക്കിൽ ഒട്ടിക്കുന്നു.. ഓരോ ഒട്ടിക്കലിന്നും ഓരോ ഞെക്കും.. ഈ ഭൂമികുലുക്കമെല്ലാം കഴിഞ്ഞാൽ തുടർചലനങ്ങൾ (ആഫ്റ്റർ  ഷോക്സ്) ഉണ്ടാവില്ലേ, അത് പോലെ ‘ഞെക്കൽ ഷോക്സ്’… ലവന് സിക്സടിക്കാൻ കണ്ട നേരം..

മൂക്കിന്മേലുള്ള അഭ്യാസം തീർത്ത് ഡോക്ടർ വീണ്ടും മൊഴിഞ്ഞു.. “ഇപ്പോൾ ഇത്ര മാത്രമേ ചെയ്യാൻ പറ്റു.. ഇനീം ചെയ്‌താൽ ബ്ലീഡിംഗ് നിർത്താൻ പറ്റി എന്ന് വരില്ല.. 2-3 ദിവസം കഴിയട്ടെ..നീര് വറ്റിയിട്ടു നോക്കാം… നേരെയായിട്ടില്ലെങ്കിൽ അപ്പൊ ഒരു തവണ കൂടെ ശ്രമിച്ചു നോക്കാം..”

എന്ത്!!!! അപ്പൊ കഴിഞ്ഞില്ലേ?? പിന്നേം ലോക ടൂറിനു വിടാനാ പ്ലാൻ?? കർത്താവേ! എന്തിനീ പരീക്ഷണം??

മൂക്കത്ത് വെളുത്ത ടേപ്പുമായി ‘അപ്പൊകാലിപ്റ്റൊ’ സിനിമയിലെ മൂക്കിൽ കൂടെ എല്ല് കേറ്റി അലങ്കരിച്ചിരിക്കുന്ന ആദിവാസിയുടെ സ്റ്റൈലിൽ പുറത്തേക്ക് ..

അന്ന് രാത്രി വായ രണ്ടുമൂന്നു മില്ലിമീറ്റർ കൂടെ തുറന്നു കിട്ടിയത് കൊണ്ട് ആ ഗാപ്പിലൂടെ കഞ്ഞി കോരിയൊഴിച്ച് വിശപ്പ്  മാറ്റി.. 3-4 ദിവസത്തെ ‘സാഹസിക’ ജിവിതം കഴിഞ്ഞ് ക്യാമറ ആശുപത്രിയിലേക്ക്:

പ്രധാന കഥാപാത്രമായ ഞാൻ ഡോക്ടർക്ക്‌ എതിരായുള്ള കസേരയിൽ ഇരിക്കുന്നു.. അന്ന് ഒട്ടിച്ച ടേപ്പ് ഒക്കെ ഡോക്ടർ ഇരുന്ന് പറിച്ചു..ആ കോലത്തിൽ മൂക്ക് നേരെയാണോ വളഞ്ഞാണോ എന്നൊന്നും സത്യം പറഞ്ഞാൽ എനിക്ക് മനസിലായില്ല.. നീര് ഫുൾ വറ്റാത്തത്  കൊണ്ട് തീരെ ക്ലാരിറ്റി ഇല്ല !!

“നേരെയായൊ?.. പണ്ട് ഇത് പോലെ ആയിരുന്നോ?..സ്വൽപ്പം കൂടെ വലത്തോട്ട് പോകാനുണ്ടല്ലേ?.. നമുക്ക് പിടിച്ചു നോക്കാം.. ഒടിഞ്ഞത് കുറച്ചു കൂടി തുടങ്ങിയിട്ടുണ്ട് -അത് സാരമില്ല നമുക്ക് ഒന്ന് കൂടെ ഒടിച്ചു നേരെയാക്കിയിടാം(????!!!!!!)…”

എന്റമ്മേ !!!……ഇനീം ഒടിയോ?? ഇതിപ്പോ ‘പിടി’ക്കാൻ ഇടവരല്ലെ എന്ന് പ്രാർത്ഥിച്ചു വന്നപ്പോൾ ഓടിക്കാൻ പ്ലാൻ ഇടുന്നോ??? വെറും അക്രമം.. അനീതി…  മൂക്കിൽ തൊടാതെ തന്നെ കണ്ണിലൂടെ പൊന്നീച്ച പറന്നു..

“ഡോക്ടർ, ഇപ്പൊ അതിനു കുഴപ്പമൊന്നുമില്ലല്ലോ.. എല്ലാം നേരെയല്ലേ.. പണ്ടത്തെതിലും  ഭംഗിയായിട്ടുണ്ട്..” ഞാൻ പോലും അറിയാതെ വായിൽ നിന്ന് വീണ മണിമുത്തുകൾ…!! പിന്നേം കുറെ പ്ലാസ്റ്റർ ഒട്ടിച്ച വേദന കടിച്ചമർത്തി ഞാൻ ആശുപത്രീടെ പുറത്തേക്ക്..പഴയ ആദിവാസി സ്റ്റൈലിൽ!!

വാൽകഷ്ണം: 2-3 വർഷങ്ങൾക്കു ശേഷം വേറെ ഡോക്ടറുടെ നിർദേശപ്രകാരം ഒരു മൂക്ക് ഓപറേഷൻ നടത്തേണ്ടി വന്നു. മൂക്ക് നിവർത്താനല്ല ..ഷേപ്പ് മാറിയതു കൊണ്ട് മൂക്കിന്റെ തുള ചെറുതായിപ്പോയതായിരുന്നു കാരണം…. ഭാവിയിൽ പുതിയ കോമ്പ്ലിക്കേഷൻസ് ഒഴിവാക്കാൻ അത് അത്യന്താപേക്ഷികമാണെന്നായിരുന്നു ഡോക്ടറുടെ പക്ഷം… ഈ സംഭവത്തിന്റെ അടയാളമായി മൂക്ക് ഇപ്പോഴും ചരിഞ്ഞ് തന്നെ നിലകൊള്ളുന്നു എന്ന് വിനീതമായി അറിയിച്ചു കൊള്ളുന്നു…

പിസാ ഗോപുരം വരെ ചരിഞ്ഞു നില്ക്കുന്നു അപ്പോഴാ ഒരു മൂക്ക്… അല്ല്യോ??!!!

Advertisements

ഈ സംഭവം എന്‍റെ കോളേജ് ജീവിത പുസ്തകത്തില്‍ നിന്നടര്‍ത്തിയെടുത്ത രസകരമായ ഒരു താള്‍ ആകുന്നു. ഇതിന് അടിത്തറ പാകിയ പ്രധാന ഐറ്റം ഞങ്ങളുടെ അഞ്ചാം സെമെസ്റ്ററില്‍ ഉണ്ടായിരുന്ന ഒരു പേപ്പറും. ‘ഇ.എം.എസ്’ അഥവാ “ഇലക്ട്രിക്കല്‍ മെറ്റീരിയല്‍ സയന്‍സ്” എന്നായിരുന്നു അതിന്റെ പേര്. ആ വിഷയം ഞങ്ങളുടെ തലയില്‍ കുത്തിനിറയ്ക്കാന്‍ എത്തിയ മാഷ് മുതല്‍ തുടങ്ങുന്നു അതിലെ സംഭവവികാസങ്ങള്‍. മാഷിന്‍റെ ചെറിയേ ഒരു ഇന്‍ട്രൊടക്ഷന്‍ ചുവടെ കൊടുക്കുന്നു:

വളരെ സാധാരണക്കാരനും(സിംപ്ലന്‍ എന്നും പറയാം), പാവത്താനും (സെഷണല്‍ മാര്‍ക്ക് അഥവാ ഇന്‍റെര്‍ണല്‍സ് ന്‍റെ കാര്യത്തിലല്ല) പൊതുവേ സൌമ്യനും, ശാന്തശീലനും, ഇതിലെല്ലാം ഉപരിയായി തികഞ്ഞ ഒരു പ്രകൃതിസ്നേഹിയും സഹൃദയനും ആണ് അദ്ദേഹം – ഇതിന് മുന്നത്തെ സെമെസ്റ്ററില്‍ ഇ.വി.എസ്. (എന്‍വയോണ്‍മെന്‍റല്‍ സ്റ്റഡീസ് എന്നു തര്‍ജമ) പഠിപ്പിച്ചതും ഇതേ മാഷായത് കൊണ്ട് പകര്‍ന്നു കിട്ടിയ അറിവ്. ഇദ്ദേഹത്തിന് ടെക്നിക്കലായി ക്ലാസ്സ് എടുക്കുന്നതിലൊക്കെ വലിയ താല്പര്യം ഇത് വരെ കണ്ടിട്ടില്ല; പക്ഷേ, പ്രകൃതിസ്നേഹികളും സഹൃദയരും ആയ ഫാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു. അതുകൊണ്ടു തന്നെ ഉയര്‍ന്ന സെഷണല്‍ മാര്‍ക്ക് വേണമെങ്കില്‍ പ്രകൃതിയെ പറ്റിയുള്ള നല്ല ഏതെങ്കിലും കവിത ചൊല്ലി കേള്‍പ്പിച്ചാല്‍ മതി-സംഗതി ക്ലീന്‍!! പിന്നെ, എല്ലാവരും മോട്ടോര്‍ വാഹനങ്ങള്‍ക്ക് പകരം സൈക്കിള്‍ ഉപയോഗിച്ച് പ്രകൃതിയേയും സ്വയം നമ്മളെത്തന്നെയും രക്ഷിക്കണമെന്നുമുള്ള ആശയം ഇടക്കിടെ ഓര്‍മിപ്പിക്കുന്നതും ഒരു ശീലമായിരുന്നു. ആരെയും ഇത് വരെ വഴക്കു പറഞ്ഞു കേട്ടിട്ടില്ല..എന്നാല്‍ അസൈന്‍മെന്‍റ് ഒക്കെ വൈകി സബ്മിറ്റ് ചെയ്തിട്ടു “സാര്‍ എന്‍റെ ഇന്‍റെര്‍ണല്‍സ്…” എന്ന്‍ ചോദിച്ചു ചെന്നേക്കരുത്-പ്രകൃതിസ്നേഹിയുടെ ഹൃദയത്തിനു അപ്പോള്‍ 100% പ്രകൃതിദത്തമായ കരിങ്കല്ലിന്റെ കട്ടിയായിരിക്കും! 🙂

അപ്പോ പറഞ്ഞു വന്നത് ‘ഇ.എം.എസ്’ നെ പറ്റി… ഇപ്പറഞ്ഞ വിഷയത്തില്‍ ഇലക്ട്രിക്കല്‍ സാമാനങ്ങള്‍ പടച്ചു വിടാന്‍ ഉപയോഗിക്കുന്ന ഐറ്റംസിന്റെ സ്വഭാവസവിശേഷതകള്‍(പ്രോപ്പര്‍ട്ടീസ് & ബിഹേവിയര്‍സ്) ആണ് പഠിക്കേണ്ടത്. യൂണിവേഴ്സിറ്റി അതിനെ നാല് മൊഡ്യൂളുകളായി വിശാലമായി തരംതിരിച്ച് ഒരു “റെഡിമേഡ് ഇന്‍സ്റ്റന്‍റ് പാലപ്പം” പരുവത്തില്‍ സിലബസ് എന്ന പേരില്‍ അടിച്ചിറക്കിയിട്ടുമുണ്ട്(പിന്നെ വെറുതെയാണോ ഞങ്ങളുടെ ഈ കഷ്ടപ്പാടൊക്കെ?..)

നമ്മുടെ പ്രകൃതിസ്നേഹി ഈ വിഷയത്തിന്റെ പഠിപ്പീര് തുടങ്ങിയപ്പോള്‍ തന്നെ പ്രഖ്യാപിച്ചു: “ഇത് വെറുമൊരു ‘കത്തി’ പേപ്പര്‍ ആകുന്നു… ഭൌതികമണ്ഡലത്തിലെ ചിന്താമുകുളങ്ങളെ കാര്യമായി ബുദ്ധിമുട്ടിക്കേണ്ട ആവശ്യമേയില്ല (ഓ പിന്നേ.. കേട്ടാല്‍ തോന്നും ബാക്കിയുള്ള വിഷയങ്ങളില്‍ അവയെ ബുദ്ധിമുട്ടിച്ച് ഒരു വഴിക്കാക്കാറുണ്ടെന്ന്…ഈ സാറിന്റെ ഓരോരോ തമാശാകള്…”നോ ഡിസ്റ്റര്‍ഭന്‍സ് പോളിസി” അല്ലേ ഞങ്ങള്‍ കാലങ്ങളായി പാലിച്ച് പോരുന്നത്.. ;)). ഒരു ‘ഓവെറോള്‍ ഐഡിയ’യെ (എന്തോന്ന്??) നന്നായി ‘കത്തി’യില്‍ പൊതിഞ്ഞു കുറച്ചധികം പൊടിപ്പും തൊങ്ങലും ചേര്‍ത്തലങ്കരിച്ച് ഉത്തരക്കടലാസില്‍ കയറ്റിയാല്‍ എല്ലാം ശുഭം-നിങ്ങള്‍ യൂണിവേഴ്സിറ്റി ടോപ്പര്‍ ആയിക്കഴിഞ്ഞു!” (എത്ര മനോഹരമായ നടക്കാത്ത സ്വപ്നം! – ഈ ഡയലോഗ് ഇപ്പോ എന്തിനാണെന്ന് ആലോചിക്കുന്നുണ്ടാവും അല്ലേ?? .. വഴിയേ വരുന്നുണ്ട്; തനിയേ മനസിലായിക്കൊള്ളും 😦 ).

ഈ പാവനമോഹന വാഗ്ദാനങ്ങള്‍ വിശ്വസിച്ചത് കൊണ്ട് (അല്ലെങ്കിലും ഞങ്ങളങ്ങിനെയാ.. തലച്ചോറിന് വിശ്രമം കൊടുക്കുന്ന ഏത് കാര്യമാണെങ്കിലും ഒടുക്കത്തെ വിശ്വാസമാ!…അല്ലാ പിന്നെ!!) ഞങ്ങളാരും ഈ വിഷയത്തിനു വലിയ വിലയൊന്നും കല്‍പ്പിക്കാന്‍ പോയില്ല. ‘ആസ് പെര്‍ അവര്‍ അണ്ടര്‍സ്റ്റാഡിങ്’, ‘പുലികള്‍ക്ക് പോലും കട്ട് ചെയ്യാവുന്ന ഒരു ക്ലാസ്സ്’. ആയതിനാല്‍ ക്ലാസ്സ് വിരളമായേ നടക്കാറുണ്ടായിരുന്നൊള്ളൂ (പിള്ളേരില്ലാത്ത കൊണ്ട് മാഷിനും സുഖം ക്ലാസ്സ് വേണ്ടന്നു വയ്ക്കുന്നതാരുന്നു). കോളേജിലെ ആല്‍ത്തറയില്‍ പോയിരുന്നു വായനോട്ടം എന്ന കലയെ പരിപോഷിപ്പിക്കുക(നാടന്‍ കലകള്‍ അന്യംനിന്നു പോകാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ?), ആരുടെയെങ്കിലും കൂടെ കാപ്പി കുടിക്കാന്‍ പോവുക( പ്രിഫറെന്‍സ് ഫോര്‍ ലേഡീസ് ഒണ്‍ലി), മറ്റു വിഷയങ്ങളുടെ റെക്കോര്‍ഡ്, അസൈന്‍മെന്‍റ്  തുടങ്ങിയവ എഴുതുക, അല്ലറ ചില്ലറ എക്സ്ട്രാകരികുലര്‍ പരിപാടിക്കിറങ്ങുക, ഇതിലൊന്നിലും പെട്ടില്ലെങ്കില്‍ ഇന്ത്യാമഹാരാജ്യത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ചും, റോക്കറ്റ് സയന്‍സിന്‍റെ അനന്ത സാധ്യതകളെ കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുക… തുടങ്ങിയ കാര്യപരിപാടികളുമായി ആ ക്ലാസ്സ് അവറുകള്‍ തള്ളി നീക്കി.

ആ ഒരു സെമസ്റ്റര്‍ വളരെ പെട്ടന്നാണ് തീര്‍ന്നത്! പരീക്ഷാതീയതി പ്രഖ്യാപനവും മറ്റ് വെടിക്കെട്ടുകളുമായി സ്റ്റഡീലീവും തുടങ്ങി. നമ്മുടെ വിഷയത്തിനു ഭുജികള്‍ പോലും സ്റ്റഡീലീവിന് സമയം മാറ്റി വെച്ചുകാണില്ല..സിമ്പിള്‍ പേപ്പര്‍ അല്ല്യോ? (നമ്മള്‍ക്കു പിന്നെ വിഷയങ്ങള്‍ക്ക് വേണ്ടി സമയം നീക്കിവയ്ക്കുന്നതും, അഡ്വാന്‍സ് റിവിഷന്‍ നടത്തുന്നതുമൊക്കെ പണ്ടേ അയിത്തം കല്‍പ്പിച്ചു  മാറ്റിനിര്‍ത്തപ്പെട്ട സ്വഭാവവിശേഷങ്ങളാകുന്നു.. എന്താണെന്നറിയില്ല, പരീക്ഷയുടെ തലേന്നല്ലാതെ പുസ്തകം തുറക്കുക എന്നത് വളരെ ദുഷ്കരമായ ഒരു പ്രക്രിയ തന്നെയാണ്!! :mrgreen:)..ഈ വിഷയത്തിനാണെങ്കില്‍ പരീക്ഷയുടെ തലേന്ന് പോലും ഒരു സീരിയസ്നെസ്സ്സ് ഇല്ല. ‘ജോളി’ ടീംസ് പടത്തിന് പോകുന്നു..കണ്ട് മതിയാവാത്തവര്‍ പിന്നേം പോകുന്നു.. ഞങ്ങള്‍ ‘ഡീസെന്‍റ്’ പാര്‍ട്ടീസ് ഹോസ്റ്റലില്‍ ഇരുന്നു ‘പ്രോജക്റ്റ് ഐ.ജി‌.ഐ’ ടെയും, ‘എന്‍.എഫ്.എസ്’ ന്‍റെയുമൊക്കെ പുതിയ ലെവെലുകള്‍ കീഴടക്കി അര്‍മാദിക്കുന്നു.(പെണ്‍പിള്ളേരുടെ ആഘോഷപരിപാടികളെ കുറിച്ച് റിപോര്‍ട്ടൊന്നും ലഭ്യമല്ലാത്ത കൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല).. ആകെക്കൂടി ഒരു ഉത്സവാന്തരീക്ഷം!!! 😀

പിറ്റേന്ന് പരീക്ഷാദിനം!! രാവിലെ തന്നെ ഇടിയിട്ടു നോട്ടീസ്ബോര്‍ഡ് നോക്കി പരീക്ഷാഹാളും സീറ്റ്നമ്പരും ഒക്കെ കണ്ടു പിടിച്ചു അവിടെ പോയി സ്വയം പ്രതിഷ്ടയായി. “കര്‍ത്താവേ! ഉത്തരക്കടലാസില്‍ ‘കത്തി’ കുത്തിനിറയ്ക്കാനുള്ള കത്തി മുഴുവന്‍ യാതൊരു ‘ട്രാന്‍സ്മിഷന്‍ എററും’ കൂടാതെ ഡൌണ്‍ലോഡ് ചെയ്തു തന്നേക്കണേ!!”

ചോദ്യപ്പേപ്പര്‍ അത്യധികം ഉത്സാഹത്തോടെ ഏറ്റുവാങ്ങി. ആദ്യം ചോദ്യങ്ങളൊക്കെ ഒന്ന്‍ ഓടിച്ചു നോക്കണം.. പിന്നെ എഫ് വണ്‍ റേസിന് കാറോടിക്കുന്ന പോലെ (കത്തി)എഴുത്ത്… ആഹഹ!! എല്ലാം സോ ഈസീ ! “പരീക്ഷയായാല്‍ ഇങ്ങനെ വേണം”.

5 മാര്‍ക്ക് സെക്ഷനിലെ ആദ്യത്തെ ചോദ്യം- നോ ഐഡിയ! ഒരു പിടിത്തോം കിട്ടുന്നില്ല!! ഇത് നമ്മളെത്ര കണ്ടിരിക്കുന്നു!!… അടുത്തത് പോരട്ടെ…രണ്ടാമത്തേതും സ്വാഹ! ങ്ഹേ! ഇതെന്താത്?? മൂന്ന്, നാല്, അഞ്ച്… ങേഹെ!! കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളൊക്കെ അതില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നു! 😯 ഇനി ചോദ്യപേപ്പര്‍ മാറിപ്പോയാ?? അതോ അടുത്തിരിക്കുന്ന ‘സിവില്‍’ കാരുടെ പേപ്പര്‍ ഞങ്ങള്‍ക്ക് മാറിക്കിട്ടിയതാണോ?? ചോദ്യപേപ്പറിന്റെ കോഡ് നോക്കിയതോടെ ആ പ്രതീക്ഷയും വെള്ളത്തിലായി! “ഞാന്‍ എന്നും നിന്‍റെ മാത്രം സ്വന്തം” എന്ന സ്റ്റൈലില്‍ അത് എന്നെ നോക്കി ചിരിക്കുന്നു!

15 മാര്‍ക്ക് സെക്ഷനും സെയിം ലൈനില്‍..അവസാനത്തെ ചോദ്യം മാത്രം എന്തെങ്കിലുമൊക്കെ എഴുതാം!! ‘സോളാര്‍ പവര്‍’ ആണ് വിഷയം! കത്തിവെക്കാന്‍ പറ്റിയ ടോപ്പിക്! അപ്പോ മാഷ് പറഞ്ഞ കത്തി ഇതായിരുന്നല്ലേ? ദുഫായിലെ ഫലഭൂയിഷ്ടമായ എണ്ണപ്പാടം സ്വപ്നം കണ്ടു ലാന്‍ഡ് ചെയ്തത് സൊമാലിയന്‍ തീവ്രവാദികളുടെ മുന്നില്‍ ആയിപ്പോയല്ലോ കര്‍ത്താവേ!!! വിധി! 😐

അപ്പോ 15 മാര്‍ക്ക് ഓക്കെ! .. ബാക്കി 85.. അല്ല സോറി 20 (ഈ സാഹചര്യത്തില്‍ പാസ്സ് മാര്‍ക്കില്‍ കൂടുതല്‍ എന്തു ആഗ്രഹിച്ചാലും അത് അത്യാഗ്രഹമാകുന്നു!).. കര്‍ത്താവിനേം തെറ്റ് പറയാന്‍ പറ്റില്ല.. കത്തി കുത്തിനിറയ്ക്കാന്‍ ഹെല്‍പ്പണം എന്ന് മാത്രമല്ലേ പ്രാര്‍ഥിച്ചൊള്ളൂ!!ഇനിയിപ്പോ എന്തു ചെയ്യും?.. ഏതായാലും ഒരു ലേറ്റ് ആപ്ലിക്കേഷന്‍ കൂടെ അയച്ചു!!

ജീവിതത്തിലെ ആദ്യ സപ്ലി ഈ വിധമാകുമോ വന്നു കേറുക? ആകെ ഒരു പരവേശം!ഹാര്‍ട് 400 മീറ്റര്‍ റേസ് ഓടിക്കഴിഞ്ഞു!!കയ്യൊക്കെ മരവിച്ചിരിക്കുന്നു.. വിറക്കുന്നുമുണ്ട്! ഈ ഹൃദയം തലച്ചോറില്‍ പോയാണോ മിടിക്കുന്നത്? തലയ്ക്കകത്ത് ആകെ ഒരു തരിപ്പ്!! ഇരുന്ന ഇരുപ്പില്‍ മൊത്തം വിയര്‍ത്ത് പോയി!! അഞ്ച് മിനിറ്റ് ആ ഇരിപ്പിരുന്നു കാണും..അതില്‍ പിന്നെ നോര്‍മലായി തുടങ്ങി(ചിലപ്പോള്‍ ഒരു പരിധി വിട്ടു ഹാര്‍ട്ടിനു ഓടാന്‍ പറ്റാത്ത കൊണ്ടായിരിക്കും)..പിന്നെ എന്താണെന്നറിയില്ല ചിരിയാണ് വന്നത്. അടുത്തിരിക്കുന്ന ‘സിവില്‍’ പെണ്‍കുട്ടി “ങ്ഹേ!! എന്താ ഇവനൊരു ഒരു സ്പെല്ലിങ് മിസ്റ്റേക്ക്??” എന്ന ഭാവത്തില്‍ നോക്കുന്നു!

ഞാന്‍ ഹാളില്‍ ഉള്ള ബാക്കിയുള്ള സഹപാഠികളെ നോക്കി!! എല്ലാരും ബ്ലിങ്ങസ്യ ആയി ഇരിക്കുന്നു…ഹാവൂ ഒറ്റക്കല്ല!! പിന്നെ ഞങ്ങള്‍ പരസ്പരം നോക്കി ചിരിയോട് ചിരി! കൂട്ടത്തില്‍ ഒരുത്തന്‍ “ചോദ്യപേപ്പര്‍ മാറിപ്പോയെന്ന് തോന്നുന്നു” എന്ന് ഇന്‍വിജിലറ്ററോട് പറയുന്നത് കേട്ടു. “രക്ഷയില്ല മോനേ.. ഇത് നമ്മളേം കൊണ്ടേ പോവൂ (ആത്മഗദ്ഗദം)..”

അപ്പോഴാണ് നമ്മുടെ ക്ലാസ്സിലെ ഭുജി കം ഭെസ്റ്റ്ഫ്രണ്ട് ദേണ്ടേ എഴുത്തോടെഴുത്ത്.. അമ്മേ!! ഇവന് ഇതും പുല്ലോ!! “ഇതാണ് തല തല എന്ന് പറയുന്നത് (വീണ്ടും ആത്മഗതം)” എന്നാശ്വസിച്ച് ഞാന്‍ ആ ‘സോളാര്‍ പവര്‍’ നെ പൊലിപ്പിച്ച് എഴുത്ത് തുടങ്ങി. 15 എങ്കില്‍ 15!!! കിട്ടുന്ന കിട്ടട്ടെ!.. സാധാരണ 2-2.5 പേജില്‍ ഒതുക്കുന്ന 15 മാര്‍ക്ക് ചോദ്യം ദാ 4 പേജും കഴിഞ്ഞു പറക്കുന്നു!!ഒടുക്കം ഒരു 4.5 ഇല്‍ ഒതുക്കി തലപൊക്കി നോക്കുമ്പോ എന്റെ ഭുജി സുഹൃത്ത് എന്നേം നോക്കി ഇരിക്കുന്നു! ചോദ്യപ്പറിലേക്ക് കൈ കൊണ്ട് “എന്തൊന്നാടെ ഇത്??” എന്ന് ആഗ്യഭാഷ കമ്മുണിക്കേഷനും.. അപ്പോ എല്ലാര്‍ക്കും സെയിം ടു സെയിം!! (അവന്‍റെ നേരത്തെയുള്ള ‘മരണ എഴുത്തി’ന്‍റെ പിന്നിലെ കഥ പിന്നീട് അവനില്‍ നിന്നറിയുകയുണ്ടായി- അവന്‍ പിന്നില്‍ നിന്നാണ് ഉത്തരമെഴുതി തുടങ്ങുക..അപ്പോ അവസാന ചോദ്യം അവന് ആദ്യത്തേതായിരുന്നു… കണ്ട പാടെ എടുത്തിട്ടലക്കി ഒരു 4-5 പേജ്!! അതിനു ശേഷമാണ് ചോദ്യപേപ്പറിന്‍റെ ശരിയായ അവസ്ഥ അവന്‍ അറിഞ്ഞത്).

ശേഷം ആ ഹാളില്‍ കണ്ട സംഭവവികാസങ്ങള്‍ രസകരമാണ്! കുറച്ചുപേര്‍ എന്തു ചെയ്യണം എന്നറിയാതെ തലചൊറിഞ്ഞിരിക്കുന്നു!! കുറച്ചു പേര്‍ ഇരിക്കുന്ന പൊസിഷന്‍ ഒക്കെ മാറ്റി ബുദ്ധിയെ ആവാഹിച്ച് കൊണ്ട് വരാന്‍ പറ്റിയ ഏറ്റവും നല്ല ആംഗിള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു!! വേറെ ചിലര്‍ ‘നിക്കണോ പോണോ’ എന്ന് ഗാഢവും ഗൂഢവുമായി ചിന്തിക്കുന്നു!! പെട്ടന്ന്‍ ഞങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ട് ഒരുത്തന്‍ ഒരു യോദ്ധാവിനെ പോലെ, തികഞ്ഞ ധീരതയോടെ എഴുന്നേറ്റു, ചോദ്യപേപ്പറും ഉത്തരക്കടലാസും കൊണ്ടുപോയി ഇന്‍വിജിലാറ്ററുടെ കരങ്ങളില്‍ സമര്‍പ്പിച്ച് നിരുപാധികം ആയുധം വച്ച് കീഴടങ്ങി!!അവിടന്ന് നേരെ ഹാളിന്‍റെ പുറത്തോട്ടും!! അരമണിക്കൂര്‍ കൂടെ ഇഴഞ്ഞു നീങ്ങി.. ഞാന്‍ ബാക്കി ചോദ്യങ്ങളെ ഏത് പൂഴിക്കടകന്‍ കൊണ്ട് വീഴ്ത്താമെന്നാലോചിച്ച് പേപ്പറിലോട്ട് മുങ്ങാംകുഴിയിട്ടു!!

പെട്ടന്ന് പുറത്തു പതിവില്ലാത്ത കാല്‍പ്പെരുമാറ്റം കേട്ടു നോക്കിയപ്പോ ദാ നമ്മുടെ കീഴടങ്ങിയ ധീരനടക്കം മറ്റ് കുറച്ചു യോദ്ധാക്കള്‍ പുറത്ത്!! അവരവിടെ നിന്നു “എന്തു കാണിക്കാനാ അവിടെ കുത്തിയിരിക്കുന്നേ?? ഇങ്ങോട്ടിറങ്ങി വാടെയ്!” എന്ന് ആംഗ്യ ഭാഷ സംഭാഷണം! പ്രലോഭനങ്ങളുടെ ഓരോരോ രൂപമേ! ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട്, കയ്യാലപ്പുറത്തെ തേങ്ങപോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് ചിന്തിച്ചു ആടിയുലഞ്ഞു കൊണ്ടിരുന്നവര്‍ “വിത്ത് ഫുള്‍ സ്പിരിറ്റ്” രണഭൂമിയിലെ വെട്ടും കുത്തും അടിപിടീം നിര്‍ത്തി അന്തസായി കീഴടങ്ങി(വിത്ത് ക്വസ്റ്റ്യന്‍ പേപ്പര്‍ & ആന്‍സര്‍ പേപ്പര്‍) ഞാന്‍ എന്‍റെ പൂഴിക്കടകനുമായി വീണ്ടും മുങ്ങാംകുഴിയിട്ടു. ഹാളില്‍ ബാക്കിയുള്ളവരും അവരവരുടെതായ യുദ്ധമുറകളില്‍ അങ്കം തുടര്‍ന്നു!

പിന്നെ ഒരു മാരത്തണ്‍ പ്രകടനമായിരുന്നു! 9-10 സ്റ്റാന്‍ഡേര്‍ഡിലെ സ്റ്റാറ്റിക്സ്, മെക്കാനിക്സ്, 11-12 സ്റ്റാന്‍ഡേര്‍ഡിലെ കെമിസ്ട്രി, ഫസ്റ്റ് ഇയറിലെ ഫിസിക്സ്, പിന്നെ പണ്ടെപ്പോഴോ പഠിച്ച മാത്ത്സിലെ പ്രൊബ്ലെംസും എല്ലാം കൂട്ടി കുഴച്ച് “ഇനിയൊന്നും നോക്കാനില്ല” എന്ന ഭാവത്തില്‍ ചോദ്യചക്രവ്യൂഹത്തെ തലങ്ങും വിലങ്ങും ആക്രമിച്ചു!! അല്ല.. ഇനിയെന്ത് നോക്കാന്‍? എന്തായാലും പൊട്ടും.. അപ്പോ പിന്നെ പൊരുതി മരിക്കാം എന്ന് വച്ചു (ഇല്ലെങ്കില്‍ തൊട്ടപ്പുറത്തിരിക്കുന്ന സിവില്‍ സുന്ദരീടെ മുന്പില്‍ എന്‍റെ ഇമേജ് എന്താവും?? “ഈ കഴുതയ്ക്ക് ഒന്നുമറിയില്ല” എന്ന് അവള്‍ വിചാരിക്കില്ലെ??)..ദാറ്റ്സ് ഓള്‍ !! ഓരോരുത്തരായി ഹാള്‍ വിട്ടു തുടങ്ങി. അവസാനം ക്ലാസ്സില്‍ നിന്നുള്ള അവസാന കണ്ണിയായി ഞാനും യുദ്ധക്കളം വിട്ടു! 😡

ഇതെല്ലാം കഴിഞ്ഞ സ്ഥിതിക്ക് നമ്മുടെ മാഷിനെ കാണാമെന്ന് വച്ചു!  ചോദ്യപേപ്പര്‍ കണ്ട് ബ്ലിങ്ങസ്യ അടിച്ചിരിക്കുന്ന പ്രകൃതിസ്നേഹിയെ കണ്ടപ്പോള്‍ സത്യത്തില്‍ സഹതാപമാണ് തോന്നിയത്!. പാവം!! പരസ്പരം സമാധാനിപ്പിച്ച് യൂണിവേഴ്സിറ്റിയെ ആവശ്യത്തിന് ചീത്തയും വിളിച്ചു കോളേജിലെ അന്നത്തെ ദിവസത്തോട് വിടചൊല്ലി-നിശ്ചയമായ ഒരു സപ്ലിയെ മുന്നില്‍ കണ്ടുകൊണ്ട്!! കര്‍ത്താവേ!! എല്ലാം ഇനി നിന്‍റെ കയ്യില്‍!!!

വാല്‍ക്കഷ്ണം: പരീക്ഷയുടെ റിസള്‍ട്ട് വന്നു! എന്‍റെ ലേറ്റ് ആപ്ലിക്കേഷന്‍ കര്‍ത്താവ് സ്വീകരിച്ചു കാണണം.. എനിക്കു 74 മാര്‍ക്ക്!!പഠിച്ചെഴുതിയ പരീക്ഷക്ക് പോലും കിട്ടാറില്ല അത്രേം!! അത് കണ്ടു കൂടെയുള്ളവരുടെ വായിലിരിക്കുന്ന ‘പ്രശംസ’ ആവശ്യത്തിന് കേട്ടെങ്കിലും (അവരുടേം എന്‍റേം മാര്‍ക്കിന് മോശമില്ലാത്ത ഗ്യാപ്പ് ഉണ്ടായിരുന്നേ) കൈകാര്യം ചെയ്തു ഷേപ്പ് മാറ്റിയില്ല-അതിനു അകമഴിഞ്ഞ നന്ദി! തല്ല് കൊണ്ട് ചാവേണ്ട എന്ന് കരുതിക്കാണും(അവരല്ല..ഈ ഞാന്‍- നല്ല ഗംഫീരന്‍ ബോഡി ആണല്ലോ എന്‍റെ.. ആ അടിക്ക് എങ്ങാനും തട്ടിപ്പോയാലോ). അതില്‍ പിന്നെ ഒരു പരീക്ഷയ്ക്കും ‘കത്തി’യില്‍ വിശ്വാസമര്‍പ്പിച്ചു ഞാന്‍ പോയിട്ടില്ല.

ഒരു മുഖവുരയോടെ ആവട്ടെ തുടക്കം. ഇത് എന്റെ കടിഞ്ഞൂല്‍ പരിശ്രമം ആണ് കഥയെഴുത്തില്‍ (പ്രധാന ശക്തി കേന്ദ്രം വര ആണേ). വായനാശീലം പണ്ടേ ഇല്ലാത്ത കൊണ്ട് എഴുത്ത് നിലവാരം ആ ഒരു റേഞ്ചില്‍ പ്രതീക്ഷിച്ചാല്‍ മതി. കുറെ മലയാളം ബ്ലോഗുകള്‍ വായിച്ചപ്പോള്‍ എന്റെ അനുഭവങ്ങളും കുത്തിക്കുറിക്കാനൊരു മോഹം അത്രയേ ഒള്ളു. അപ്പോ ദേ ഞാന്‍ തുടങ്ങണൂ..

സംഭവം നടക്കുന്നത് കഴിഞ്ഞ ഓണക്കാലത്താണ്. ആ സമയത്തുള്ള ടിക്കെറ്റ് വില പറയാതെ തന്നെ ഊഹിക്കാമല്ലോ. അതുകൊണ്ടു കല്‍കട്ട.. ഛേ!! അത് വേണ്ട.. കോല്‍ക്കത്തയില്‍ നിന്നും കൊച്ചിക്കുള്ള ടിക്കെറ്റ് എടുക്കാതെ ചെന്നൈ ലേക്കുള്ള ഫ്ലൈറ്റ് പിടിച്ചു അവിടന്ന് പിന്നെ ആലുവയ്ക്ക് ബസ്സില്‍ (ട്രെയ്ന്‍ പിന്നെ ഈ സമയത്ത് ‘ഔട്ട് ഓഫ് കവറേജ് ഏരിയ’ ആയിരിക്കുമെന്ന് പറയേണ്ടല്ലോ)പോകാന്നു വച്ചു. മടക്കയാത്രയും അതേപടി. ആറ്റുനോറ്റ് കാത്തിരുന്നു ബോസ്സിനെയും പറഞ്ഞു സമ്മതിപ്പിച്ചു ടിക്കെറ്റെല്ലാം ബുക്കി. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി കുറെ ബംഗാളി മധുര പലഹാരങ്ങളും വാങ്ങിക്കൂട്ടി എന്‍റെ പതിവ് പഴന്തുണി കെട്ടിന്റെ കൂടെ ഇത് കൂടെ ചേര്‍ത്ത് യാത്ര തുടങ്ങി.

കോല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ ഒച്ചിഴയുന്ന പോലത്തെ ക്യൂവില്‍  സെക്യൂരിറ്റി ചെക്കും തീര്‍ത്ത് കയ്യില്‍ മാരകയുധമൊന്നുമില്ലെന്നും തീവ്രവാദിയല്ലെന്നുമുള്ള സര്‍ട്ടീറ്റും മേടിച്ചു (നമ്മുടെ സ്റ്റാമ്പ് അടിച്ച ബോര്‍ഡിങ് പാസ്സ് തന്നെ)ഇനിയൊരാറിയിപ്പുണ്ടാവുന്ന വരെ വായനോക്കാന്‍ പറ്റിയ സീറ്റ് തപ്പി യാത്രയായി..സീറ്റെല്ലാം കിട്ടിയെങ്കിലും വായനോക്കാന്‍ പറ്റിയ ഒരു തരുണീമണി പോലും ങെഹേ… ആസ് യൂഷ്വല്‍ !! 😦

അനൌണ്‍സെമെന്‍റ് കേട്ടപാടെ ബാണ്ഡക്കെട്ടുമെടുത്ത് ഞാന്‍ പ്ലേനിലോട്ട് വലിഞ്ഞു കേറി.. എന്‍റെ സീറ്റിന്‍റെ അടുത്തെവിടെയെങ്കിലും വല്ല കളര്‍ ഉണ്ടോയെന്ന് നോക്കിയതും വേസ്റ്റ് ആയി.. കുറെ കൂതറ ബംഗാളി മുതുക്കന്‍മാര്‍ മാത്രം. പിന്നെ പ്ലെയ്ന്‍ പൊങ്ങുന്ന വരെ വെറുതെ ഇരുന്നു.. അത്യാവശ്യം പറന്നു സ്റ്റേബിള്‍ ആയപ്പോ കാമെറയും തുറന്നു വച്ച് മെഘോം മലേം ഒക്കെ ഫോട്ടോ എടുത്തു ടൈംപാസ് നടത്തി ഒടുക്കം ചെന്നൈ എത്തി.

എയര്‍പോര്‍ട്ടില്‍ നിന്നും കോയെമ്പേട് വരെ ഒരു ടാക്സി പിടിച്ചു. മുറിതമിഴില്‍ സി.എം.ബി.ടി..ഓമ്നി ബസ് സ്റ്റാന്‍റ് എന്നൊക്കെ പറഞ്ഞു ഒപ്പിച്ചു വണ്ടി വിട്ടു. അവിടെ എത്തുന്നവരെ കുഴപ്പമില്ലാരുന്നു.. സി.എം.ബി.ടി. ടെ മുമ്പില്‍ വണ്ടി നിര്‍ത്തി ഇറങ്ങിക്കോളാന്‍ (തമിഴില്‍) പറഞ്ഞു. “അയ്യോ ആണ്ണൈ… ഇന്ത സ്റ്റാന്‍റ് അല്ലൈ…ഇതിന്റെ അപ്പുറലൂ വേറെലൂ സ്റ്റാന്‍റ് … മമ്… ജജ്.. പ്ബ്.. ഓമ്നി .. ഓമ്നി ” അയ്യോ.. ഇത് തമിഴല്ലല്ലോ.. കുഴഞ്ഞ്.. വായില്‍ ഹിന്ദി , തെലുങ്, ബംഗാളി.. എല്ലാം കേറി വരുന്നു..  അന്യഭാഷാ സിന്‍ഡ്രോം എന്നേം പിടികൂടിയാ..!! 😯 (ഇത് ആവശ്യമുള്ളപ്പോള്‍ ആ ഭാഷ ഒഴിച്ച് ബാക്കിയെല്ലാ ഭാഷയും ഓര്‍മ്മ വരുന്ന ഒരു തരം രോഗമാവുന്നു.. ഇതിനെ പറ്റി ആരെങ്കിലും ഗവേഷണം നടത്തി നൊബേല്‍ സമ്മാനം വാങ്ങിക്കാന്‍ ഉദ്ദേശിക്കുണ്ടെങ്കില്‍ എന്റെ വിലയേറിയ സഹായം ലഭിക്കുന്നതല്ല എന്നോര്‍പ്പിക്കുന്നു)…എന്‍റെ കടുത്ത പ്രയോഗം കണ്ടു പേടിച്ചിട്ടാണെന്ന് തോന്നുന്നു.. ടാക്സി അണ്ണാച്ചി വിവരമുള്ള ഏതോ തമിഴനെ വിളിച്ചു ചോദിച്ചു.. “പക്കത്തില് താനേ.. കൊഞ്ചം സ്ട്രെയിറ്റ് പോയി ലെഫ്റ്റ് ടേണ്‍ പണ്ണുങ്ഗൊ..” ഛേ..ഇത്ര എളുപ്പമാരുന്നോ??? ..വെറുതെ മാനം പോയി …. “റോമ്പ താങ്ക്സ് അണ്ണേ!!”.. ഹാവൂ അത് ശരിയായി…

ബസ് സ്റ്റാന്‍റില്‍ ബസ്സും ബസ് നമ്പരും ഒക്കെ വിശദമായി ചോദിച്ച എന്നെ നോക്കി “ഏതാടാ എവന്‍” എന്ന ഭാവത്തില്‍ “വരുമ്പോ അറിയിക്കാം” എന്നു പറഞ്ഞു ബസ്സുകമ്പനിക്കാരന്‍ കശ്മലന്‍ നിഷ്കരുണംമാറ്റി നിര്‍ത്തി. ഒടുക്കം ബസ് വന്നപ്പോള്‍ പ്രതീക്ഷ ഒട്ടും തന്നെ കൈവിടാതെ സഹസീറ്റനെ നോക്കി ഡെസ്പ്!!! ആ പ്രതീക്ഷയും ഗോവിന്ദ!!!പിന്നെ ഒന്നുമാലോചിച്ചില്ല ഉറക്കത്തിലോട്ട് വഴിമാറാം എന്ന് വച്ചു. സമയദോഷമാണോ അതോ വിധിയോ എന്തായാലും ഉറക്കം സ്വപ്നം മാത്രമായി അവശേഷിച്ചു.. എന്‍റെ സഹസീറ്റന്‍, മിസ്റ്റര്‍. xyz മുടിഞ്ഞ കൂര്‍ക്കംവലി!! ഒരു സുന്ദരിയെ സീറ്റിന്‍റെ അടുത്തു കിട്ടണമെന്നും അവളോടു മിണ്ടീം പറഞ്ഞും അങ്ങനെ ഫുള്‍ ടൈംപാസ്സ് ഇല്‍ വീട്ടിലെത്തണമെന്നുമുള്ള ആവറേജ് മോഹമേ ഉണ്ടാരുന്നുള്ളൂ… ഇതിപ്പോ കൊലച്ചതിയായിപ്പോയി.. കര്‍ത്താവേ…. എന്നോടിത് വേണ്ടാരുന്നു! എന്‍റെ മാത്രമല്ല ഞങ്ങളുടെ മുന്നിലത്തേം പിന്നിലത്തേം സീറ്റിലുള്ളവരുടേം ഉറക്കം പോകുന്ന കണ്ടപ്പോഴാണ് ആശ്വാസമായത്- ഒറ്റക്കല്ലല്ലോ! ഈ വലിയൊക്കെ ഇയാള്‍ കാട്ടില്‍ കിടന്നു വലിച്ചെങ്കില്‍ പുലിയാണെന്ന് കരുതി ആരെങ്കിലും പേടിച്ചോടിയാനെ… സത്യമായിട്ടും! ഇടക്ക് കയ്യിലുള്ള പുതപ്പ് മുഴുവനായിട്ട് അയാളുടെ വായില്‍ തിരുകിയാലോ എന്ന് വരെ തോന്നി. അങ്ങനെ സഹസീറ്റന്‍ പുലിയുടെ അലര്‍ച്ചയും കേട്ടു ആലുവ എത്തി പറ്റി. വീട്ടില്‍ ചെന്നുകേറി അച്ഛനോടും അമ്മയോടും ഹായ് ബൈ പറഞ്ഞു.. കൊണ്ട് വന്ന സാധനങ്ങളും കൈമാറി ഉറക്കക്ഷീണം തീര്‍ത്തു ഉറങ്ങി (എന്ന് പറയുമ്പോള്‍ ലഞ്ച് നു ആണ് എണീറ്റതെന്ന് സാരം)…

പിന്നീടുള്ള ദിവസങ്ങള്‍ പെട്ടന്നാണ് തീര്‍ന്നത്. നാട്ടില്‍ വരുമ്പോ മാത്രമുള്ള കാര്‍ എടുത്തുള്ള കറക്കോം കൂട്ടുകാരെ കാണലും എല്ലാമായിട്ടങ്ങു പോയി.പ്രിയ കൂട്ടുകാരോടൊപ്പം മറക്കാനാവാത്ത ഒരു ബോട്ട് യാത്രയും ഈ സമയത്ത് തരപ്പെട്ടു..

മടക്കയാത്ര ഇത്ര സംഭവബഹുലമാകും എന്ന് ഞാന്‍ എന്‍റെ സ്വപ്നത്തില്‍ പോലും കരുതിയില്ല..  ബസ് കാരോട് കൃത്യ സമയം ഒക്കെ ചോദിച്ചാണ് വീട്ടില്‍ നിന്നിറങ്ങിയത്. ബസ് സ്റ്റോപ്പില്‍ കുറ്റിയടിച്ചു നില്‍പ്പും തുടങ്ങി. ബസ് കാരെ ഇതിനിടക്ക് ഒരു 4 പ്രാവശ്യം വിളിച്ചു ലോഡ് (പിന്നേ.. എനിക്കു പിന്നേ മുടിഞ്ഞ വെയ്റ്റ് ആണല്ലോ..) കേറ്റാതെ പോയില്ല എന്നുറപ്പു വരുത്തി. അടുത്തുള്ള കടക്കാരും ബാക്കി നാട്ടുകാരുമൊക്കെ “യെവനേതെടാ.. അവന്‍റെ ഒരു ബാഗും സ്റ്റൈലും..കുറെ നേരമായല്ലോ..” എന്ന മാതിരി നോക്കി തുടങ്ങി.. അവസാനം 1.5 മണിക്കൂര്‍ നിപ്പിനു ശേഷം കഥാപാത്രം എത്തി (അവന്‍റെയൊക്കെ ഒരു പംക്ചുവാലിറ്റി!! തൊഴുതു ..സോറി തൊഴിച്ചു പോവും) .. കൈ കാണിച്ചിടത്തൂന്നു 500 മീറ്റര്‍ മാറിയാണ് വണ്ടിക്കാരന് ബ്രേക് ചവുട്ടാന്‍ പറ്റിയത്.. കാലിന് ആണി രോഗം വല്ലതും കാണുമായിരിക്കും പാവം. പിന്നെ നിന്നിടത്ത് നിന്നു രണ്ടു ബാഗും തൂക്കി നടത്തം സ്റ്റാര്‍ട്ട് ചെയ്തു;കൂടെയുണ്ടാരുന്ന അച്ഛന്‍ ഓട്ടവും. ഓടിയിട്ടു കപ്പൊന്നും കിട്ടില്ലെന്ന് പറഞ്ഞെങ്കിലും അച്ചന്റെ മുഖത്തെ ടെന്‍ഷനും ഇതുവരെയുള്ള വണ്ടീടെ “സ്വഭാവകൊണോം” നോക്കിയപ്പോ ഞാനും ഓട്ടം തുടങ്ങി- അല്ല! ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? !!

സഹസീറ്റന്‍ ആസ് യൂഷ്വല്‍ നോ ഹോപ്പ് 😦 തൃശ്ശൂര്‍ വരെ നോ കുഴപ്പംസ് (അങ്കമാലിയില് ആളെ പിടിക്കാന്‍ 25 മിനിറ്റ് നിര്‍ത്തിയിട്ടതോഴിച്ചാല്‍) .. പിന്നെ വണ്ടീടെ റൂട്ട് മാറി (മട്ടും ഭാവോം എക്സ്ട്രാ). പാലക്കാട് പൊവേണ്ടതിന് പകരം ഷൊര്‍ണൂര്‍ക്ക്..ഇതെന്താത്?? പിന്നെ അവിടന്ന് പട്ടാമ്പി ..ഈശ്വരാ…വണ്ടി വല്ലോം മാറിക്കേറിയാ? പിന്നവിടന്ന് പാലക്കാട്..അമ്മേ!! ഒന്നാമതേ 1.5 മണിക്കൂര്‍ വൈകി ഇതെല്ലാം കഴിഞ്ഞു ചെന്നൈ എത്തുമ്പോ എന്‍റെ ഫ്ലൈറ്റ്… കര്‍ത്താവേ കാത്തോണേ!! വണ്ടിക്കാരന്‍മാരോട് എന്‍റെ സങ്കടം ഉണര്‍ത്തിച്ചപ്പോ “മാക്സിമം നോക്കാം” എന്ന്. എന്‍റെ ചങ്ക് വെറുതെ ഒന്നു ഗിയര്‍ മാറ്റി തുടങ്ങി!! മര്യാദക്ക് ബസ് മാറ്റേണ്ട ഗിയര്‍ ഒക്കെ എന്‍റെ ഹാര്‍ട് കൃത്യമായി മാറ്റുന്നുണ്ട് ..അതിനങ്ങു അടങ്ങി ഇരുന്നാപോരെ… എവടെ!!

വൈകുന്നേരം 5:30 നു ആലുവ വിട്ട വണ്ടി 10:30 ആയിട്ടും പാലക്കാട് കിടക്കുന്നു. അപ്പോഴാണ് ആ ദുഖസത്യം ഞാന്‍ അറിഞ്ഞത്. ബസ് കോയമ്പത്തൂര്‍ ടച്ഛാതെ വേറെ ഏതോ വഴി കറങ്ങിയാണ് പോകുന്നതെന്ന്..ഓരോരോ വയ്യാവേലികള്… താമസിയാതെ തന്നെ വേറെ ഒരു സത്യവും മനസിലാക്കി- ഈ ബസ് ഒരു റെഗുലര്‍ സര്‍വീസ് അല്ല എന്നും ഉല്‍സവസീസണ്‍ ചാകര മാത്രം മുന്നില്‍ കണ്ടു നടത്തുന്ന ഏതോ കൂതറ സര്‍വീസ് ആണെന്നും.. കര്‍ത്താവേ എന്‍റെ യാത്ര ഞാനിതാ നിന്‍റെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു (അല്ലാതെന്തു ചെയ്യാന്‍? ഞാന്‍ ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ…അപ്പ്രൂവിങ് അതോറിറ്റി അവിടെയല്ലേ)..എന്‍റെ പാവം ഹാര്‍ട് 100 മീറ്റര്‍ റേസ് ഓടാന്‍ തുടങ്ങി.. പിന്നെ അതിനേം സാരില്ല എന്ന് വെച്ചു.. എയര്‍പോര്‍ട്ടില്‍ റിപോര്‍ട്ട് ചെയ്യുന്ന സമയോം ബസ് സമയോം തമ്മില്‍ ഞാന്‍ 3.5 മണിക്കൂര്‍ ഗ്യാപ്പ് ഇട്ടിട്ടുണ്ടാരുന്നല്ലോ.. ഞാനാരാ മോന്‍!!

11 മണിക്ക് ഡിന്നര്‍ കഴിക്കാന്‍ കഞ്ചിക്കോട് ഒരു ഹോട്ടലിലേക്ക് വണ്ടി കുത്തിക്കേറ്റി.. കേറുന്ന സമയത്ത് ആ വഴിയില്‍ ഒരു ബെന്‍സ് കാര്‍ പൂണ്ടു പോണത് ഡ്രൈവര്‍ അടക്കം എല്ലാരും കണ്ടതാ.. അത് ബെന്‍സ് ആയ കൊണ്ട് അവടന്നു കേറ്റി  കൊണ്ട് പോയി.. ജര്‍മന്‍ എഞ്ചിനീറിങ്ങിന്‍റെ ഓരോരോ ഗുണങ്ങളേ!!!.. ആന വാ പൊളിക്കുന്ന കണ്ടു അണ്ണാന്‍ വാ പൊളിക്കരുതെന്നാണല്ലോ.. പക്ഷേ ബസ് ഡ്രൈവര്‍നു ബസ് ജര്‍മന്‍ ആണെന്ന് തോന്നിക്കാണണം.. ആ വഴി തന്നെ എടുത്തോണ്ട് പോയി..അഹങ്കാരി!!! വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ  (അത് ബസ് പിടിച്ചും വരും എന്നു ഇതോടെ മനസിലായി)!!…എല്ലാരും കഴിച്ചു വരുന്ന വരെ ബസ് ഒന്നുമറിയാത്തവനെ പോലെ കിടന്നു.. ഏറെക്കുറെ 12 മണിക്ക് ഫുഡ് അടി കഴിഞ്ഞു (വൈകിയോടുന്ന ബസ്സിനു ഒരു മണിക്കൂര്‍ ഡിന്നര്‍ ബ്രേക്കേ.. ഇവന്മാരെയൊക്കെ ….. അല്ലേ വേണ്ട കൂടിപ്പോവും..ഫാമിലി വായനക്കാര്‍ കഥ സെന്‍സറിയാലോ) എല്ലാരേം പെറുക്കി കൂട്ടി വണ്ടി എടുത്തു .. എല്ലാത്തിനേം ഇപ്പോ കാണിച്ചു തരാം എന്ന മട്ടില്‍ മുന്‍വശത്തെ ടയര്‍ ദാ പോണ് മണ്ണിന്‍റെ അടിയില്‍.. ബസ് ബെന്‍സ് കമ്പനി ടെ അല്ലാഞ്ഞ കൊണ്ട് പഠിച്ച പണി പതിനെട്ടും നോക്കീട്ടും നോ രക്ഷ!! ഇതിന്റെ ഇടക്ക് ആ ഹോട്ടലീന്നു കറിയിളക്കുന്ന വലിയ ചട്ടുകം പോലത്തെ സാധനം(ക്ഷമിക്കണം! ശരിക്കും പേര് അറിയില്ല) കൊണ്ട് വന്നു വഴിവെട്ടി പുറത്തെടുക്കാന്‍ വരെ നോക്കി (അടുത്ത കറി ഇളക്കുന്നതിന് മുന്‍പ് അത് കഴുകിക്കാണുമെന്ന് നമുക്ക് ചുമ്മാ പ്രതീക്ഷിക്കാം- വേറൊന്നുമല്ല ഒരു ശുഭാപ്തിവിശ്വാസം അത്രേയൊള്ളൂ) ഇതൊരുമാതിരി ഉല്‍സവത്തിന്റെ കൊട്ടിക്കലാശത്തിന് പോയപ്പോ കേറി നിന്ന പടക്കപ്പുരക്കു തീ പിടിച്ചപ്പോലെ ആയിപ്പോയി!! നമ്മടെ യോഗം എന്നല്ലാണ്ട് എന്തു പറയാന്‍!!  ഒടുക്കം എല്ലാരും കൂടെ ഇറങ്ങി തള്ളി നോക്കി.. എവടെ!! വണ്ടിക്ക് അനക്കമില്ല..എന്നോടാ  കളി എന്ന ഭാവം..

പിന്നെ എല്ലാരും ഹോട്ടല്‍ ന്റെ കടത്തിണ്ണയില്‍ ഇരിപ്പായി.. ബസ്സിലെ വനിതാരത്നങ്ങളും ഇങ്ങനെ ഇരിക്കണ കണ്ടാല്‍ ആര്‍ക്കും സമാധാനിപ്പിക്കാന്‍ ഒരു ഒരു ടെണ്ടെന്‍സി ഉള്ളീന്നു പൊട്ടിമുളക്കില്ലേ..എനിക്കും മുളച്ചെങ്കിലും അവളുമാരുടെ ബോയ്ഫ്രണ്ട്സ് ന്റെ ആരോഗ്യം ഓര്‍ത്തപ്പോള്‍ മുളയെല്ലാം അവിടെയിരുന്ന് തന്നെ നുള്ളി.. (ഒന്നു രണ്ടു കിടിലന്‍ ടീംസ് അക്കൂട്ടത്തില്‍ ഉണ്ടായിട്ടു പോലും.. അഫ്ടെറോള്‍ ആരോഗ്യോം നോക്കണ്ടേ).. പിന്നെ കൂട്ടിന് എന്‍റെ കോളേജില്‍ സീനിയര്‍ ആയി പഠിച്ച ഒരു ചേട്ടനെ കിട്ടി..ഹാവൂ  മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ആളായല്ലോ!! ബസ്സിന്റെ അവസ്ഥ കണ്ടപ്പോ മനസിലായി ആ പ്ലെയ്ന്‍ എന്നെക്കേറ്റാതെ പറക്കേണ്ടി വരൂന്ന് (പാവം പ്ലെയ്ന്‍! അതിനു ഭാഗ്യമില്ലാതെ പോയി).. പിന്നെ ഒന്നുമാലോചിച്ചില്ല നേരെ കസ്റ്റമര്‍ കെയര്‍ നെ വിളിച്ചു ടിക്കെറ്റ് ക്യാന്‍സല്‍ ചെയ്യിച്ചു..പാതിരാത്രി ഫോണ്‍ എടുത്തത്തിന് 100 നന്ദി.. വേണ്ട 1000 ഇരിക്കട്ടെ (നന്ദിക്ക് ചെലവൊന്നുമില്ലല്ലോ)… എന്താണെന്നറിയില്ല അത് കഴിഞ്ഞപ്പോള്‍ ഒരു വന്‍ സമാധാനമായിരുന്നു.. ചങ്കിടിപ്പൊക്കെ പൂര്‍വസ്ഥിതി പ്രാപിച്ചു.. ഇനി ഇടിച്ചിട്ടു കാര്യമില്ല എന്ന്‍ അതിനു തോന്നിക്കാണും…

ഇതിന്‍റെയൊക്കെ ഇടക്ക് വീട്ടിലോട്ട് വിളിച്ചു കാര്യങ്ങളുടെ ലൈവ് ടെലെകാസ്റ്റ് നടത്തിയതും.. ബ്രോഡ്ബാന്‍ഡ് സ്ട്രീമിങ് നിരക്കില്‍ ചങ്കിടിപ്പുകള്‍ എക്സ്ചെയ്ഞ്ച് ചെയ്തതൊന്നും ഡീടെയില്‍ ആയി വിവരിക്കുന്നില്ല.. അവസാനം ടിക്കെറ്റ് കാന്‍സിലിയപ്പോള്‍ മൂന്നു ഹാര്‍ട്ടുകള്‍ ഒരുമിച്ച് നോര്‍മല്‍ ആവുകയാരുന്നു (പിറ്റേന്നത്തേ ഫ്ലൈറ്റ് നേ പറ്റി ഒരു വേവലാതി രണ്ടു ഹാര്‍ട്ടുകളില്‍ പിറവിയെടുത്തെങ്കിലും)

അവസാനം ഒരു ക്രെയിന്‍ ഒക്കെ വരുത്തി കഷ്ടപ്പെട്ട് വണ്ടി പൊക്കി എടുത്ത് യാത്ര തുടര്‍ന്നു..ഇത്തവണ ആരും കൂര്‍ക്കം വലിക്കാഞ്ഞ കൊണ്ടും, വണ്ടി തള്ളിയ ക്ഷീണം കൊണ്ടും വേഗം ഉറങ്ങി… പിറ്റേന്ന് രാവിലെ തന്നെ ബോസ്സിനെ വിളിച്ചു കദനകഥ അറിയിച്ചു മുന്‍കൂര്‍ ജാമ്യം വാങ്ങിച്ചു. സാധാരണ ചെന്നൈ പോകുന്ന ബസ് ഒക്കെ ഗിണ്ടിയില്‍ നിര്‍ത്തും..ഇവന്മാര് ഗിണ്ടി എന്നും പറഞ്ഞു ഏതോ കാട്ടുമുക്കില്‍ ഇറക്കിവിട്ടു.. പണ്ടേ ദുര്‍ബല!..ദേ ഇപ്പോ ഗര്‍ഭിണീം.. ഒരു മാതിരി ഒടുക്കലത്തെ യാത്ര ആയിപ്പോയി. അവിടന്ന്‍ തപ്പി പിടിച്ചു എയര്‍പോര്‍ട്ട് എത്താന്‍ എടുത്തത് 1 മണിക്കൂര്‍!! ഇതുകൂടി ആയപ്പോ ആ ബസ്സുകാരുടെ രണ്ടു മൂന്നു തലമുറയെ (പിന്നിലോട്ട്) നല്ലവണ്ണം ഒന്നു ‘സ്മരിച്ചു’..അല്ല സ്മരിച്ചു പോവും!!.. തള്ളേ കലിപ്പ് തീരനില്ലല്ല്!!! 😡

എയര്‍പോര്‍ട്ടില്‍ ചെന്ന്‍ കൌണ്ടറില്‍ ഇരിക്കുന്ന സുന്ദരിയോട് അവസാന വട്ട പ്രതീക്ഷ എന്നോണം ചോദിച്ചു “ആ ഫ്ലൈറ്റ് പോയോ?? വല്ല ഡീലേ ഉണ്ടാരുന്നെകില്‍…..”
“ആ ഫൈറ്റ് ടൈം നു തന്നെ കെട്ടിയെടുത്തു സര്‍” ..സംഭാഷണം അവിടെ മുറിഞ്ഞു. “അല്ലെങ്കിലും നമുക്കാവശ്യമുള്ള സമയത്ത് ഈ വകകള്‍ ലേറ്റ് ആവില്ല” (ആത്മഗതം)
“തങ്ക്യു”(കേള്‍ക്കേ)
പിന്നെ ബാണ്ഡക്കെട്ടും വലിച്ചുകൊണ്ടു അടുത്ത ലോ കോസ്റ്റ് ഫ്ലൈറ്റ് തപ്പല്‍.
അന്ന് തന്നെ പുറപ്പെടുന്ന ‘ഏറ്റവും വില കുറഞ്ഞ’ ഫ്ലൈറ്റ് ടിക്കെറ്റും വാങ്ങി ലോബ്ബിയില്‍ ഇരിപ്പുറപ്പിച്ചപ്പോഴാണ് ആളെ വടി  ആക്കുന്ന ആ ചിന്ത..”കൊച്ചീന്നു കോല്‍ക്കത്തക്ക് പറന്നിരുന്നെങ്കില്‍ ഈ സമയത്ത് ഇപ്പൊ മുടക്കിയതിലും കുറച്ചു കാശിന് അവിടെ എത്തിയാനെ”. പോരാത്തതിന് ഒരു ദിവസത്തെ കാശും (ഇക്കാരണത്താല്‍ തിങ്കളാഴ്ച ഓഫീസില്‍ കേറാന്‍ പറ്റിയില്ലല്ലോ- ക്വൊയറ്റ് നാച്ചുറല്‍!) നഷ്ടം! 😦

എന്തു ചെയ്യാം?? “വിനാശകാലേ വിപരീതബുദ്ധി”…അല്ലേ വേണ്ട.. പാസ്റ്റ് ഇസ് പാസ്റ്റ് ഇതാ ഭേദം!

പിന്നീട് അധികം ബഹളങ്ങളൊന്നുമില്ലാതെ കോല്‍ക്കത്ത എത്തിച്ചേര്‍ന്നതായി അറിയിച്ചു കൊള്ളുന്നു.

ബ്ലോഗിനെ പറ്റി

Posted: ജനുവരി 13, 2012 in Uncategorized
ഉപനാമങ്ങൾ:,
ഇന്ന് 2012 ലെ ആദ്യത്തെ പതിമൂന്നാം തീയതി അതും വെള്ളിയാഴ്ച(Friday the 13th എന്ന വിഖ്യാത ഐറ്റം)!!! എന്‍റെ രണ്ടാമത്തെ ബ്ലോഗ് തുടങ്ങാന്‍ തികച്ചും അഭികാമ്യം…ആദ്യത്തേത് മുഴുവന്‍ വര യ്ക്കു വേണ്ടി ആയിരുന്നെങ്കില്‍ ഇത് എഴുത്തിന് വേണ്ടിയുള്ളതാകുന്നു..ഇന്നേ ദിവസം തുടങ്ങുന്നത് കൊണ്ട് ഒരു പ്രയോജനമുണ്ട്.. എങ്ങാനും ബ്ലോഗ് നന്നായി വന്നാല്‍ 13 വെള്ളിയാഴ്ച എന്നെ വെറുതെ വിട്ടു എന്നു വീമ്പിളക്കാം… അല്ലാ ഇനി പൊട്ടിപ്പൊളിഞ്ഞു കെട്ടടങ്ങാനാണെങ്കില്‍ അത് ഈ ദിവസത്തിന്‍റെ തലയില്‍ കെട്ടിവെയ്ക്കുകേം ചെയ്യാം!!..വാട്ട് ആന്‍ ഐഡിയ സര്‍ജീ!!
സംഗതി എപ്പടി??